ആറളം ഫാമിന്റെ റബർ തോട്ടത്തിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsആന റബറിന്റെ തൊലി പൊളിച്ചു തിന്നുന്നു
പേരാവൂർ: ആറളം ഫാമിലെ ബ്ലോക്ക് ഏഴിൽ റബർ തോട്ടത്തിലെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കരാറുകാരന്റെ പാത്രങ്ങളും ബാരലുകളും ചവിട്ടി നശിപ്പിച്ചു. കരാറുകാരൻ ജിൽസ് എൽദോയുടെ തോട്ടത്തിലാണ് ആനക്കൂട്ടം ഭീതി വിതച്ചത്. കഴിഞ്ഞ രണ്ടുദിവസമായി തോട്ടത്തിൽ സ്ഥിരം ആനകളുടെ സാന്നിധ്യമുണ്ടെന്നാണ് ടാപ്പിങ് തൊഴിലാളികൾ പറയുന്നത്. കൂട്ടമായെത്തുന്ന ആനകൾ പാൽ നിറച്ച ബാരലുകൾ ചവിട്ടി നശിപ്പിച്ചു. പാലെടുക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു.
പാൽ നിറച്ചുവെച്ച ബാരലുകൾ കുന്നിന്റെ മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ടും ചവിട്ടിയുമാണ് നശിപ്പിച്ചിരിക്കുന്നത്. സീൽ ചെയ്ത ബാരലുകളായതുകൊണ്ട് പാൽ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, ബാരലുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിച്ച നിലയിലാണ്. ആനയെ ഭയന്ന് ടാപ്പിങ് തൊഴിലാളികൾ പുലർച്ച പടക്കം പൊട്ടിച്ചും പാത്രം തട്ടി ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിയ ശേഷമാണ് ജോലി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം വയനാടൻ കാടുകളിൽനിന്ന് തുരത്തിയ ആനകൾ കാട്ടിലേക്ക് കടന്നുപോകാതെ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നും ഇവയെ കാട്ടിലേക്ക് തുരത്തിയാൽ മാത്രമേ ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയൂ എന്നുമാണ് തൊഴിലാളികൾ പറയുന്നത്. മുമ്പ് കാട്ടാനക്കൂട്ടം റബറിന്റെ തൊലി പൊളിച്ചു തിന്നതിൽ 4000ഓളം റബറുകൾ ഫാമിന് നഷ്ടമായിരുന്നു.


