വന്യജീവി സംഘർഷം നേരിടാൻ തദ്ദേശീയർക്ക് പരിശീലനം
text_fieldsആറളം ഫാം ബ്ലോക്ക് ഒന്നിലെ എക്കണ്ടിയിൽ കാട്ടാന റോഡിലേക്ക് മറിച്ചിട്ട തെങ്ങ് മുറിച്ചുമാറ്റുന്നു
പേരാവൂർ: വന്യജീവി സംഘർഷം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ നേരിടുന്നതിൽ തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വനംവകുപ്പ് ആവിഷ്‌കരിച്ച പ്രാഥമിക സന്നദ്ധ പ്രതികരണ സേന (പി.ആർ.ടി) യുടെ ജില്ലയിലെ പരിശീലനം പൂർത്തിയായി. ജില്ലയിലെ പയ്യാവൂർ, കേളകം, കൊട്ടിയൂർ, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുത്ത 60 ഓളം പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
വന്യജീവി ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് ജീവനക്കാർക്കും ആർ.ആർ.ടിക്കും എത്തിച്ചേരാൻ കഴിയുന്നതിനു മുമ്പ് തദ്ദേശീയരായ പി.ആർ.ടി അംഗങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുമെന്നതാണ് നേട്ടം. വളയഞ്ചാൽ ഡോർമെറ്ററിയിൽ നടന്ന പരിശീലനം കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എസ്. വൈശാഖ് ഉദ്ഘാടനം ചെയ്തു. ആറളം വൈഡ് ലൈഫ് വാർഡൻ വി. രതീശൻ അധ്യക്ഷത വഹിച്ചു.
വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രാദേശികമായി നടത്താവുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പി.ആർ.ടി അംഗങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ജില്ല വനം മേധാവി ക്ലാസെടുത്തു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കെ.വി. ആനന്ദൻ, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ. വിഷ്ണു ഓമനക്കുട്ടൻ എന്നിവർ ക്ലാസെടുത്തു. പരിശീലനത്തിൽ പങ്കെടുത്തവർക്കായി സർട്ടിഫിക്കറ്റ്, യൂനിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ വിതരണം ചെയ്തു. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.വി. സനൂപ് കൃഷ്ണൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. നിതിൻ രാജ്, നരികടവ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷാജിവ് എന്നിവർ നേതൃത്വം നൽകി.


