കുരങ്ങുശല്യം രൂക്ഷം; പൊറുതിമുട്ടി കർഷകർ
text_fieldsപേരാവൂർ: മുഴക്കുന്ന് പഞ്ചായത്തിലെ പെരുമ്പുന്ന, പാലപ്പുഴ, മണിയാണി പ്രദേശങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി തുടരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കുരങ്ങുകളെ തുരത്തുന്നതിനായി നാട്ടുകാർ ശ്രമം ആരംഭിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കടുത്ത ദുരിതത്തിലാണ് പ്രദേശവാസികൾ.
കൂട്ടമായി എത്തുന്ന കുരങ്ങുകൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചതോടെ കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവും കർഷകർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.പകൽ സമയങ്ങളിൽ കൂട്ടമായി എത്തുന്ന കുരങ്ങുകൾ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കുരങ്ങുകളെയും മറ്റും തുരത്താൻ വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല. നട്ടു നനച്ചതെല്ലാം കൺമുന്നിൽ വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോൾ നിസ്സഹായകരായി നോക്കിനിൽക്കുകയാണ് കർഷകർ.


