പേരാവൂർ താലൂക്ക് ആശുപത്രി ആവശ്യത്തിന് ഡോക്ടർമാരില്ല; രോഗികൾക്ക് ദുരിതം
text_fieldsപേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ദുരിതം. ബുധനാഴ്ച രാവിലെ 10ന് ഡോക്ടറെ കാണാനെത്തിയവർക്ക് വൈകീട്ട് 6.30 കഴിഞ്ഞിട്ടും കാണാനോ ചികിത്സ തേടാനോ കഴിഞ്ഞില്ല.
രോഗികളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. വൈകീട്ട് നാലോടെ പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടിയെത്തിയ അമ്മയും കുഞ്ഞും ഏഴുമണിയായിട്ടും ഡോക്ടറെ കാണാൻ കഴിയാതെ മടങ്ങി. താലുക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടറെ നിയമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് രോഗികൾ പറഞ്ഞു.
ദിനംപ്രതി നൂറകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായി.