ആനമതിൽ നിർമാണത്തിന് ഒച്ചിഴയും വേഗം
text_fieldsആറളം ഫാമിൽ പാതിവഴിയിലായ ആനമതിൽ
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയെയും ആറളം ഫാമിനെയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ടിൽ നിന്നും 53 കോടി രൂപ അനുവദിച്ചിട്ടും ആനമതിലിന്റെ നിർമാണം പാതി വഴിയിൽ.
ആറളം വന്യജീവി സങ്കേതത്തിനും പുനരധിവാസ മേഖലക്കും ഇടയിൽ നിർമിക്കുന്ന 10.50 കിലോമീറ്റർ വരുന്ന ആനമതിലിന്റെ പ്രവൃത്തി പൂർണമായും നിലച്ച മട്ടാണ്. നിർമാണ കാലാവധി കഴിഞ്ഞ മതിൽ മാർച്ചുമാസത്തോടെ പൂർത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി രണ്ടു മാസം മുമ്പു നടത്തിയ അവലോകന യോഗത്തിൽ കരാറുകാരന് നിർദേശം നൽകിയിരുന്നു. മന്ത്രി നൽകിയ നിർദേശത്തിന് ശേഷം യാതൊരു നിർമാണപ്രവൃത്തിയും കരാറുകാരൻ നടത്തിയിട്ടില്ല.
ആറളം ഫാം പുനരധിവാസ മേഖല ഉൾപ്പെടെ ഫാമിന് വെളിയിലും കാട്ടാനകളുടെ താണ്ഡവം തുടരുകയാണ്. ആറളം ഫാം പുനരധിവാസ മേഖലയിൽ ഇതുവരെ 12 ജീവനുകളാണ് വന്യമൃഗങ്ങൾ കവർന്നത്. പുനരധിവാസ മേഖലയിൽ ഇപ്പോൾ പകൽ സമയത്തും കാട്ടാനകൾ ഭീഷണിയാകുകയാണ്. ആർ.ആർ.ടിയും വനപാലകരും എത്തി ആനയെ തുരത്തുമെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ആന വീണ്ടും തിരിച്ചെത്തുമെന്ന് പ്രദേശവാസികൾ പറയുന്നു. പകൽ വെളിച്ചം മങ്ങിയാൽ വെളിയിൽ ഇറങ്ങാൻ ഭയമാണെന്നാണ് താമസക്കാർ പറയുന്നത്. ജീവൻ മാത്രമല്ല ജീവുനാപാധികൾ കൂടി വന്യമൃഗങ്ങൾ നശിപ്പിക്കുകയാണ്. 12 ജീവനുകൾ പൊലിഞ്ഞശേഷം 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് മന്ത്രിമാരെത്തി ആഘോഷമാക്കി ഉദ്ഘാടനം നടത്തിയ ആനമതിൽ എങ്ങുമെത്താതെ ഇഴയുമ്പോൾ വൈകുന്നതിനുള്ള കാരണം എന്താണെന്ന് പോലും ഇവിടത്തെ ജനങ്ങൾക്ക് അറിയില്ല.
ആരംഭത്തിൽ നിർമാണം വളരെവേഗം മുന്നേറിയെങ്കിലും കാലാവസ്ഥ, മരംമുറി, അലൈമെന്റിലെ വ്യത്യാസം തുടങ്ങിയ കാരണങ്ങൾ തടസ്സമായെങ്കിലും അവ പരിഹരിച്ചിട്ടും നിർമാണം നിലച്ചു. 10.50 കിലോമീറ്റർ വരുന്ന മതിലിന്റെ മൂന്നു കിലോമീറ്റർ ഭാഗമാണ് നിർമാണം ഭാഗികമായി പൂർത്തിയാക്കിയിരിക്കുന്നത്.
നിർമാണം പൂർത്തിയാക്കാനുള്ള ഭാഗങ്ങൾ അതീവ ദുർഘടമേഖലകളാണ്. ഇവിടെ നിർമാണത്തിന് ആവശ്യമായ കൂപ്പ് റോഡുകൾ പോലും നിർമിച്ചിട്ടില്ല.