അടങ്ങാതെ ആനക്കലി; ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാനകളുടെ പരാക്രമം
text_fieldsബ്ലോക്ക് 10ൽ രാജമ്മയുടെ വീടിന് സമീപത്ത് കാട്ടാന കശുമാവ് മറിച്ചിട്ട നിലയിൽ
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാനകളുടെ പരാക്രമം കേട്ടും കണ്ടുമാണ് പുനരധിവാസ കുടുംബങ്ങളുടെ ഓരോ പ്രഭാതവും. രാത്രിയും പകലുമില്ലാതെ തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നതെങ്കിലും ഒരു പരിഹാരവുമില്ല. ഫാം ബ്ലോക്ക് 10ലെ ആനമുക്കിൽ പ്ലോട്ട് നമ്പർ 746ലെ രാജമ്മയുടെ പുരയിടത്തിൽ കാട്ടാന വ്യാപക നാശനഷ്ടമാണ് വരുത്തിയത്.
കൊലയാളി മോഴയാനായാണ് മേഖലയിൽ ഭീതി വിതച്ചത്. രാജമ്മയുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ് എന്നിവ നശിപ്പിച്ച ആന കുടിവെള്ളത്തിന്റെ പൈപ്പും നശിപ്പിച്ചു. കിണറിൽ നിന്നും വീട്ടിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് ആന തകർത്തത്. ഇതോടെ ഇവരുടെ കുടിവെള്ളം പോലും നിലച്ചിരിക്കുകയാണ്. ഈ വർഷം തന്നെ ഇത് മൂന്നാം തവണയാണ് കാട്ടാന രാജമ്മയുടെ കൃഷിയിടത്തിൽ കാട്ടാന എത്തി കൃഷി നശിപ്പിക്കുന്നത് .
ബ്ലോക്ക് 10ലെ തന്നെ പ്ലോട്ട് നമ്പർ 745 ലെ കൃഷ്ണൻ പുലിക്കരി, പ്ലോട്ട് നമ്പർ 714ലെ നാരായണി ചപ്പിലി എന്നിവരുടെ കൃഷിയിടത്തിലും മോഴയാന നാശം വിതച്ചു . ഇവരുടെയും പ്ലാവും കൃഷികളും മോഴയാന നശിപ്പിച്ചു. ചെവിക്ക് കേൾവിക്കുറവുള്ള ചിപ്പിലി നാരയണി ഭാഗ്യം കൊണ്ടാണ് ആനയുടെ പിടിയിൽനിന്നും രക്ഷപ്പെട്ടത്. അഞ്ചു വർഷമായി ആനയുടെ ആക്രമണം വളരെ കൂടുതൽ ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാലു മാസത്തിനുള്ളിൽ 18ലധികം കുടിലുകൾ കാട്ടാന തകർത്തിരുന്നു.