പേരാവൂരിൽ വി.ഐ.പി പോരാട്ടം
text_fieldsതെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കേളകത്തെത്തിയ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫ് പ്രവർത്തകർക്കൊപ്പം
പേരാവൂർ: ഇക്കുറി സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് പേരാവൂർ സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് നാലാം തവണ ഇവിടെ പോരാട്ടത്തി നെത്തുമ്പോൾ എൽ.ഡി.എഫിന്റെ വനിതാ താരവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ മണ്ഡലം തിരിച്ചു പിടിക്കാനെത്തുന്നു. ബി.ഡി.ജെ.എസിലെ പൈലി വാത്യാട്ട് ആണ് എൻ.ഡി.എ സ്ഥാനാർഥി.
വലതുപക്ഷത്തെ ഏറെക്കാലം സ്നേഹിച്ചപ്പോഴും ഇടതുപക്ഷത്തോട് തൊട്ടുകൂടായ്മ പേരാവൂർ ഒരിക്കലും പ്രകടമാക്കിയിട്ടില്ല. എൽ.ഡി.എഫിനും തിളക്കമാർന്ന വിജയം നൽകിയിട്ടുണ്ട്. 77ൽ മണ്ഡലം നിലവിൽ വന്നതുമുതൽ ഇതുതന്നെയാണ് സ്ഥിതി. മലയോര പഞ്ചായത്തുകൾക്കെല്ലാം ഇടതിനെയും വലതിനെയും മാറിമാറി പരീക്ഷിക്കാൻ കഴിയുന്നതും മണ്ണിന്റെ മണമുള്ള രാഷ്ട്രീയ പാരമ്പര്യം ഒന്നുകൊണ്ട് മാത്രമാണ്. 2006ൽ 9099 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായ എ.ഡി. മുസ്തഫയെ കെ.കെ. ശൈലജ പരാജയപ്പെടുത്തി യു.ഡി.എഫിന്റെ കൈയിൽനിന്നും മണ്ഡലം തിരിച്ചുപിടിച്ചത്. 2011ൽ ശൈലജയും സണ്ണിയും നേർക്കുന്നേർ ഏറ്റുമുട്ടിയപ്പോൾ വിജയം സണ്ണിക്കൊപ്പം നിന്നു.
3440 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശൈലജയെ പരാജയപ്പെടുത്തി മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2016ൽ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സണ്ണി ജോസഫ് തന്നെ വിജയിച്ചു. പരാജയപ്പെടുത്തിയത് എൽ.ഡി.എഫിലെ ബിനോയ് കുര്യനെ. 2021ൽ 3172 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മൂന്നാം തവണയും സണ്ണി ജോസഫ് പേരാവൂരിന്റെ എം.എൽ.എയായി. പരാജയപ്പെടുത്തിയത് സി.പി.എമ്മിന്റെ യുവരക്തം കെ.വി. സക്കീർഹുസൈനെ. ഇക്കുറി ശൈലജക്കിത് ജീവന്മരണ പോരാട്ടമാണ്. അഭിമാന പോരാട്ടമാണ്. ശൈലജയെ പേരാവൂരിലേക്കിട്ട് പാർട്ടി അവരെ ബലികൊടുക്കുകയാണെന്ന പ്രചാരണത്തിന് തടയിടാൻ ശൈലജയുടെ വിജയം സി.പി.എമ്മിനും നിർണായകമാണ്.
മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയുംചെയ്ത ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിനകത്തും പുറത്തുമുള്ള സ്വീകാര്യതയാണ് സണ്ണി ജോസഫിന്റെ പ്ലസ് പോയന്റ്. യു.ഡി.എഫിന് അധികാരം കിട്ടിയാൽ സണ്ണിക്ക് ലഭിക്കാവുന്ന സ്ഥാനലബ്ധിയും വോട്ടാക്കിമാറ്റാനുള്ള അവസരമായാണ് യു.ഡി.എഫ് കാണുന്നത്. മികച്ച ആരോഗ്യ മന്ത്രി എന്ന നിലയിലുള്ള തലയെടുപ്പും ജനകീയ സ്വീകാര്യതയുമാണ് ശൈലജയുടെ കൈമുതൽ. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നു വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനുണ്ടായ മുന്നേറ്റം ശൈലജയുടെ വ്യക്തിഗത മികവിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണിത്. ഇക്കുറി പതിനായിരം വോട്ട് തികക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് അവർ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ എട്ടിലും ആധിപത്യം നേടിയ യു.ഡി.എഫ് ബൂത്ത് അടിസ്ഥാനത്തിലും അഞ്ചിൽ നാല് ബൂത്തുകളിലും ഒന്നാം സ്ഥാനത്തെത്തി. മണ്ഡലം 23,481 വോട്ടിന്റെ ഭൂരിപക്ഷമാണ് ലോക്സഭയിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് നൽകിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ട്. ക്ഷേത്രോത്സവങ്ങൾ, പള്ളികൾ, വിവാഹ വീടുകൾ, സംഗമങ്ങൾ, മരണവീടുകൾ, വിദ്യാലയങ്ങൾ, തൊഴിലുറപ്പ് ജോലിസ്ഥലം എന്നിങ്ങനെ ആളുകൂടുന്ന എല്ലാ ഇടങ്ങളിലും ഇരുവരും പാഞ്ഞെത്തുന്നുണ്ട്. പഞ്ചായത്ത് തല പ്രചാരണം തുടങ്ങിയതോടെ അണികളും ആവേശത്തിലാണ്.
കെ.കെ.ശൈലജ (സി.പി.എം)
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. ശൈലജ നിലവിൽ മട്ടന്നൂർ മണ്ഡലം എം.എൽ.എയാണ്. ഇരിട്ടി മാടത്തിൽ സ്വദേശി. ഇപ്പോൾ മട്ടന്നൂർ ഉരുവച്ചാലിൽ താമസം. ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ, സാമൂഹികനീതി, ശിശുക്ഷേമ മന്ത്രി. 1996, 2006, 2016, 2021 കാലയളവിൽ എം.എൽ.എയായി. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ മുൻ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികൾ വഹിച്ചു. ശിവപുരം ഹൈസ്കൂൾ അധ്യാപികയായിരിക്കെ 2004ൽ സ്വയം വിരമിച്ചു. ഭർത്താവ് കെ. ഭാസ്കരൻ മട്ടന്നൂർ നഗരസഭ മുൻ ചെയർമാനാണ്. മക്കൾ: ശോഭിത്ത്, ലസിത്ത്.
സണ്ണി ജോസഫ് (കോൺഗ്രസ്)
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പേരാവൂരിൽനിന്ന് നാലാം അങ്കമാണിത്. 2011, 2016, 2021 എന്നീ വർഷങ്ങളിൽ പേരാവൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി. ഇരിട്ടി തന്തോട് താമസം. സ്കൂൾ, കോളജ് പഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
കണ്ണൂർ ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ല ചെയർമാൻ, ജില്ല പഞ്ചായത്തംഗം, ഉളിക്കൽ സർവിസ് സഹക രണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ കോടതികളിൽ അഭിഭാഷകനായിരുന്നു. ഇരിട്ടി താലൂക്ക് രൂപവത്കരണ ആക്ഷൻ കമ്മിറ്റി ചെയർമാനായി മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ചു. നിലവിൽ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാണ്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗമാണ്. ഭാര്യ: എൽസി ജോസഫ്. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്.
പൈലി വാത്യാട്ട് (ബി.ഡി.ജെ.എസ്)
2016ൽ പേരാവൂരിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എൻ.ഡി.എ കണ്ണൂർ ജില്ല കൺവീനർ, എൻ.ഡി.എയുടെ കേരളത്തിൽനിന്നുള്ള നാഷനൽ കോഓഡിനേറ്റർ, കിസാൻ സർവിസ് സൊസൈറ്റി ദേശീയ വൈസ് ചെയർ മാൻ, സൊസൈറ്റി ഇന്റർനാഷനൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ഡോ. അന്നമ്മ പൈലി. മക്കൾ: അജീഷ് വി. പോൾ, ജോജി വി. പോൾ, എബി വി. പോൾ.


