ആറളം ഫാം സ്കൂളിന് സമീപം കാട്ടാന; സുരക്ഷയൊരുക്കി വനപാലകർ
text_fieldsപേരാവൂർ: ആറളം ഫാം സ്കൂളിന് സമീപത്തെ പൊന്തക്കാടുകളിൽ കാട്ടാനക്കൂട്ടത്തെ കണ്ടത് ആശങ്കയുണ്ടാക്കി. പന്ത്രണ്ടോളം ആനകളെയാണ് തിങ്കളാഴ്ച വൈകീട്ട് മേഖലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ നാല് ആനകളെകൂടി സ്കൂളിനോട് ചേർന്ന പ്രദേശത്ത് കണ്ടെത്തിയതോടെ വനപാലക സംഘം സ്ഥലത്തെത്തി.
വിവിധ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിന് സമീപത്തെ പൊന്തക്കാടുകളിൽനിന്നും ആനക്കൂട്ടത്തെ പടക്കം പൊട്ടിച്ചും മറ്റും മേഖലയിൽ നിന്നും മാറ്റി. ആനകളെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ല. മുന്നറിയിപ്പുകളൊന്നും നൽകാതെ തുരത്തിയാൽ ആനക്കൂട്ടം ജനവാസമേഖലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഫാമിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളിലെ കാടുകളിലേക്ക് ആനകളെ മാറ്റുകയായിരുന്നു.
ഫാം സ്കൂളിന് ചുറ്റുമതിലും മറ്റും ഉണ്ടെങ്കിലും ആനകൾ കൂട്ടമായി എത്തിയ സാഹചര്യം വലിയ ആശങ്കയാണുണ്ടാക്കിയത്. ആറളം ഫാമിങ് കോർപറേഷന്റെ അധീനതയിലുള്ള ഭൂമിയോട് ചേർന്നാണ് ഫാം സ്കൂൾ പ്രവർത്തിക്കുന്നത്. ഫാം സ്കൂളിന് സമീപത്തെ റബറും കശുമാവും ഉൾപ്പെടുന്ന തോട്ടം മുറിച്ചുമാറ്റി പുനർ കൃഷിയിറക്കാഞ്ഞതിനാൽ പ്രദേശമാകെ കാടുമുടി കിടക്കുകയാണ്.