യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയ ഓട്ടോകൾ കത്തിച്ചു
text_fieldsപുല്ലൂക്കര പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷകൾ കത്തിനശിച്ച നിലയിൽ
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷകൾ കത്തിച്ചു. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഒരു ഓട്ടോ പൂർണമായും മറ്റൊരു ഓട്ടോ ഭാഗികമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ച 1.30 ഓടെയാണ് സംഭവം. ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ഒരു ടയർ പുറത്തെടുത്ത് വീട്ടു കോലായിയുടെ മുൻഭാഗത്തെ പടിയിൽ വെച്ച് അതിന് മുകളിൽ ഒരു കുറിപ്പും എഴുതി വെച്ചിട്ടുണ്ട്.
കുറിപ്പിൽ വധഭീഷണി സൂചിപ്പിക്കുന്ന വാക്കുകൾ എഴുതിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ചൊക്ലി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവസ്ഥലം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, പാനൂർ നഗരസഭ ചെയർമാൻ വി. നാസർ, ലീഗ് ജില്ല ട്രഷറർ കാട്ടൂർ മുഹമ്മദ്, സെക്രട്ടറി ടി.പി. മുസ്തഫ, കൂത്ത്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.പി.എ. സലാം, ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, എൻ.പി. മുനീർ, നൗഷാദ് അണിയാരം, ഇ.എ. നാസർ എന്നിവർ സന്ദർശിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ പുല്ലൂക്കരയിൽ പ്രകടനം നടത്തി. സംഭവം സമഗ്രമായി അന്വേഷിച്ച് യഥാർഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്ന് സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.