ബാവാച്ചി റോഡ് പുനരുദ്ധാരണ പ്രവൃത്തി അന്തിമഘട്ടത്തിൽ
text_fieldsഅണിയാരം ബാവാച്ചി റോഡ് പുനരുദ്ധാരണത്തിന്റെ
ഭാഗമായി റോഡിലെ
കെട്ടിടങ്ങൾ പൊളിക്കുന്നു
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ - അണിയാരം ബാവാച്ചി റോഡ് പുനരുദ്ധാരണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. എട്ടുമീറ്റർ വീതി കൂട്ടി രണ്ടു കിലോമീറ്റർ റോഡിന്റെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ നടക്കുന്നത്. ഡ്രൈനേജുകളും കൽവർട്ടുകളും നേരത്തെ നിർമാണം പൂർത്തിയായി. റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ച മതിലുകൾ കരാറുകാർ തന്നെ പുനർനിർമിച്ചു നൽകി.
റോഡിനായി പൊളിച്ച കെട്ടിടങ്ങൾ നാട്ടുകാർ രൂപവത്കരിച്ച റോഡ് വികസനസമിതിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. നഗരസഭ കൗൺസിലർ ടി.കെ. ഹനീഫ ചെയർമാനും കാദു സിയോൺ ജനറൽ കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റിയാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ മുന്നിട്ടിറങ്ങിയത്. ഈ കമ്മിറ്റി ഇതിനകം 12 ലക്ഷം രൂപയിലധികം രൂപ പൊതുജനങ്ങളിൽ നിന്നും പിരിച്ചു. ഈ പണമുപയോഗിച്ചാണ് പൊളിച്ച കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയത്.
ചില കെട്ടിടങ്ങൾ സ്വന്തം ചെലവിൽ ഉടമകൾ പുനർനിർമിച്ചു. നാലുകോടി രൂപയാണ് റോഡ് പുനരുദ്ധാരണത്തിനായി അനുവദിച്ചത്. മെക്കാഡം ടാറിങ്ങാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. പണികൾ പൂർത്തിയാക്കി ഡിസംബറോടെ റോഡ് ഉദ്ഘാടനം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.