കരിയാട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു
text_fieldsപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങളം, കരിയാട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. സാഹചര്യം കരുതിയിരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
രോഗവ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. കരിയാട് നഗര പ്രാഥമികാരോഗ്യകേന്ദ്രം, മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പരിധിയിലാണ് പരിശോധനകൾ നടക്കുന്നത്.
നഗരസഭയിലെ വിവിധ വാർഡുകളിൽ അമ്പതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. വാർഡുകളിലെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചുവരുകയാണ്.
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. ശുദ്ധവെള്ളം മാത്രം കുടിക്കാനും ഹോട്ടലുകളിൽ ശുദ്ധജലം ഉപയോഗിക്കാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
പെരിങ്ങത്തൂർ ടൗണിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം.