പെരിങ്ങത്തൂർ മത്സ്യമാർക്കറ്റ് നവീകരണ പ്രവൃത്തി തുടങ്ങി
text_fieldsനവീകരണ പ്രവൃത്തി നടക്കുന്ന പെരിങ്ങത്തൂർ മത്സ്യ മാർക്കറ്റ്
പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മത്സ്യമാർക്കറ്റ് നവീകരണ പ്രവൃത്തി തുടങ്ങി. 4.20 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. നവീകരണ പ്രവൃത്തികൾക്കായി 6.24 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
നിർദിഷ്ട മട്ടന്നൂർ - പെരിങ്ങത്തൂർ - കുറ്റ്യാടി വിമാനത്താവള റോഡിനായി കുറ്റിയടിച്ച സ്ഥലത്താണ് നവീകരണ പ്രവൃത്തി നടക്കുന്ന പെരിങ്ങത്തൂരിലെ മത്സ്യമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ പഞ്ചായത്തുകൾക്ക് നേരിട്ട് നൽകിയിരുന്ന അൺടൈഡ് ഫണ്ട് ഉപയോഗിച്ചാണ് അന്നത്തെ പെരിങ്ങളം പഞ്ചായത്ത് പ്രസിഡന്റ് കൂടത്തിൽ കുഞ്ഞബ്ദുല്ല മുൻ കൈയെടുത്ത് മത്സ്യമാർക്കറ്റ് ഉൾപ്പെടുന്ന കെട്ടിടം പി.ഡബ്ല്യൂ.ഡി ഭൂമിയിൽ നിർമിച്ചത്.പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ഹംസ ഇടപെട്ടാണ് കെട്ടിടം പണിയാൻ ഈ ഭൂമി പഞ്ചായത്തിന് അനുവദിച്ചത്.
മുനിസിപ്പാലിറ്റിയാവുന്നതിന് തൊട്ട് മുമ്പ് ഒരു തവണ ഈ മാർക്കറ്റ് നവീകരണം നടത്തിയിരുന്നു. ഈ മാർക്കറ്റ് വിമാനത്താവള റോഡിനായി പൊളിക്കുമെന്നുറപ്പായിട്ടും ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നവീകരണം നടത്തുന്നതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.