പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദനം; പ്രധാന പ്രതികളായ നാലുപേർ കീഴടങ്ങി
text_fieldsവിഷ്ണു, ജിനീഷ്, സവാദ്, വിശ്വജിത്ത്
പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദിച്ച കേസിൽ പ്രധാനപ്രതികളായ നാലുപേർ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഒളിവിൽ കഴിയുകയായിരുന്ന നാല് പ്രതികളെയും ഹാജരായതിന് പിന്നാലെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി-പെരിങ്ങത്തൂർ-തൊട്ടിൽപാലം റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 58 ഡബ്ല്യു 2529 നമ്പർ ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കുതിരടത്ത് വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നാഴ്ചയോളം ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
പ്രധാന പ്രതികളായ നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. ഒന്നാം പ്രതി പെരിങ്ങത്തൂർ പുളിയനമ്പ്രം എം.പി. മുക്കിലെ വട്ടക്കണ്ടി ലക്ഷം വീട്ടിൽ സവാദ് (32) രണ്ടാം പ്രതി കോടഞ്ചേരി തൂണേരി ചീക്കിലോട്ട് താഴെ കുനിയിൽ വിശ്വജിത്ത് (33) മൂന്നാം പ്രതി നാദാപുരം കല്ലാച്ചി പുത്തൻപുരയിൽ ടി. വിഷ്ണു (30) നാലാം പ്രതി നാദാപുരം പുത്തലതറമ്മൽ വാണിമേൽ ജനീഷ് (36) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
വധശ്രമമുൾപ്പടെ ഒമ്പതു വകുപ്പുകളാണ് എട്ടു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശക്തമായ തെളിവുകൾ പ്രതികൾക്കെതിരെ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹരജി തള്ളിയത്.
അക്രമി സംഘത്തിലെ വാണിമേൽ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ് (31), കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി. ബിനീഷ് (41) തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി. സിജേഷ് (36) വേളം ചേരപ്പുറം കുഞ്ഞി പറമ്പിൽ സ്വേതിൻ (34) എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 28ന് വൈകീട്ട് 6.25 നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റത്. വിദ്യാർഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച് വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദിച്ചത്. പാസിനെ ചൊല്ലിയായിരുന്നു തർക്കം.