കണ്ണൂരിൽ വീട്ടുകിണറ്റിൽ പുലി; ഒടുവിൽ ചത്തു
text_fieldsസുനീഷിന്റെ വീട്ടിലെ കിണറ്റിൽ വീണ പുലി
പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടുകിണറ്റിൽ വീണ പുള്ളിപ്പുലിയെ ഒരു പകൽ നീണ്ട പരിശ്രമത്തിനിടെ പുറത്തെടുത്തെങ്കിലും ചത്തു. അണിയാരം സൗത്ത് എൽ.പി സ്കൂളിനു സമീപം മലാൽ സുനീഷിന്റെ ആൾമറയില്ലാത്ത കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ച് വൈദ്യപരിശോധനക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അൽപ സമയത്തിനകമായിരുന്നു മരണം. ഏഴു വയസ്സുള്ള ആൺപുലിയാണ് ചത്തത്.
ബുധനാഴ്ച രാവിലെ 10ഓടെയാണ് പുലിയെ കിണറ്റിൽ കണ്ടെത്തിയത്. പുലർച്ച രണ്ടോടെ കിണറിൽ വീഴുന്ന ശബ്ദം അയൽവാസികൾ കേട്ടെങ്കിലും രാവിലെ 10ഓടെയാണ് കിണറിൽ പുലിയെ കണ്ടെത്തിയത്. ഉടൻ പരിസരവാസികൾ ചൊക്ലി പൊലീസിനെ വിവരമറിയിച്ചു. തലശ്ശേരി, പാനൂർ അഗ്നിരക്ഷ സേന, കണ്ണവം, ആറളം, കൊട്ടിയൂർ, തളിപ്പറമ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി വിഭാഗം ഡോക്ടർമാർ എന്നിവർ സ്ഥലത്തെത്തി.
കിണറ്റിൽനിന്ന് പുറത്തെത്തിക്കാൻ എട്ടു മണിക്കൂർ വേണ്ടിവന്നു. രാവിലെ 10ഓടെ തുടങ്ങിയ രക്ഷാദൗത്യം വൈകീട്ട് ആറോടെയാണ് പൂർത്തിയായത്. മയക്കുവെടിവെച്ചാണ് പുലിയെ കരക്കെത്തിച്ച് പ്രത്യേകം തയാറാക്കിയ കൂട്ടിലടച്ചത്. പിടികൂടുമ്പോൾതന്നെ പുലിയുടെ ആരോഗ്യനില മോശമായിരുന്നു. പുലിയെ വ്യാഴാഴ്ച സുൽത്താൻ ബത്തേരിയിൽ പോസ്റ്റ്മോർട്ടം ചെയ്യും.
പുലിഭീതിയിൽ പെരിങ്ങത്തൂർ
പെരിങ്ങത്തൂർ: അണിയാരം സൗത്ത് എൽ.പി സ്കൂളിന് സമീപം പുലിയിറങ്ങിയതോടെ നാട്ടുകാർ പുലിപ്പേടിയിൽ. കനകമലയുടെ താഴ്വരയിലായ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നൂറ് കണക്കിന് കുടുംബങ്ങളാണ് വളരെ അടുത്തടുത്തായി താമസിക്കുന്നത്. ഇന്നലെ പുലർച്ചെയോടെയാണ് അണിയാരം സൗത്ത് എൽ.പി സ്കൂളിന് സമീപത്തെ നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്റെ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ പുള്ളിപുലി വീണത്.
വീടിന്റെ പിറക് ഭാഗത്തെ കാട്ടിലൂടെയാണ് പുലി ഇവിടെയെത്തിയതെന്ന് കരുതുന്നു. ഇതുവരെ ഈ ഭാഗത്ത് മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, കുറുക്കൻ എന്നിവയുടെ ശല്യമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രദേശത്തെ എൽ.പി സ്കൂളിൽ വിദ്യാർഥികൾ എത്തുക ഏറെ ഭയത്തോടെയാകും. മുതിർന്നവർ പോലും രാപ്പകൽ ഭേദമന്യേ പുറത്തിറങ്ങാൻ ഭയക്കുകയാണ്. വന്യജീവികളുടെ വലിയ ശല്യമില്ലാത്ത പ്രദേശത്ത് പുലി ഇറങ്ങിയതോടെ നടുങ്ങുകയാണ് നാട്ടുകാർ.
ആശങ്കയുടെയും കൗതുകത്തിന്റെയും പകൽ
പുലിയെ കരക്കെത്തിച്ചത് എട്ടു മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ
പെരിങ്ങത്തൂർ: അണിയാരം സൗത്ത് എൽ.പി സ്കൂളിന് സമീപം ആൾ മറയില്ലാത്ത വീട്ടുകിണറ്റിൽ വീണ പുലിയെ കരക്കെത്തിച്ചത് എട്ടു മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ. പുലർച്ച രണ്ടോടെ വലിയ ശബ്ദത്തോടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടതായി അയൽവാസി കക്കോഴി പറമ്പത്ത് കുഞ്ഞിരാമൻ മാധ്യമത്തോട് പറഞ്ഞു.
കുഞ്ഞിരാമനും സുനീഷും കിണറിന്റെ അടുത്തെത്തിയപ്പോഴാണ് കിണറ്റിന്റെ വല പൊട്ടിയതായി ശ്രദ്ധയിൽപെട്ടത്. കിണറിൽ ശ്രദ്ധിച്ചപ്പോഴാണ് പുലിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷ സേന, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉച്ചയോടെ സ്ഥലത്തെത്തിയെങ്കിലും ജീവനോടെയുള്ള പുലിയെ കരക്കെത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല. വിവരമറിഞ്ഞ് ഒഴുകിയെത്തിയ ജനക്കൂട്ടവും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ജനക്കൂട്ടം ബഹളം വെച്ചത് പുലിയെ കൂടുതൽ അക്രമാസക്തമാക്കി. ജനത്തെ നിയന്ത്രിക്കാൻ നിരവധി തവണ മൈക്കിൽ വിളിച്ചു പറയേണ്ടി വന്നു. വൈകുന്നേരം നാലോടെ പുലിക്കായി കൂടുമെത്തി. 4.30ഓടെ വയനാട് ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി മെഡിക്കൽ ടീം എത്തിയതോടെയാണ് പുലിക്ക് കരക്കെത്താനുള്ള വഴിയൊരുങ്ങിയത്.
കിണറിൽ വെള്ളമുള്ളതിനാൽ വലയിൽ കയറ്റിയ ശേഷം അഞ്ച് അടി ഉയരത്തിൽ എത്തിയപ്പോൾ മയക്ക് വെടിവെക്കുകയായിരുന്നു. കരക്കെത്തിച്ച പുലിയെ പ്രത്യേകം തയാറാക്കിയ പുലിക്കൂട്ടിൽ കയറ്റി വയനാട് ഗവ. വെറ്ററിനറി ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായിരുന്ന പുലി രാത്രിയോടെ ചത്തു.