പണിതീരാതെ പാനൂർ നഗരസഭയിലെ അംഗൻവാടികൾ
text_fieldsനിർമാണപ്രവൃത്തി നിലച്ച പാനൂർ നഗരസഭ 17, 18 വാർഡുകളിലെ അംഗൻവാടികൾ
പെരിങ്ങത്തൂർ: തറക്കല്ലിട്ട് മൂന്നു വർഷമായിട്ടും നിർമാണ പ്രവൃത്തി പൂർത്തീകരിക്കാതെ പാനൂർ നഗരസഭയിലെ മൂന്നു അംഗൻവാടികൾ. നഗരസഭയിലെ 17,18, 28 വാർഡുകളിലെ അംഗൻവാടികളുടെ നിർമാണമാണ് നിലച്ചത്. 2021 ഡിസംബറിലാണ് നഗരസഭയിലെ 11 അംഗൻവാടികൾക്ക് തറക്കല്ലിട്ടത്. ഇതിൽ മൂന്നെണ്ണം ഒഴിച്ച് ബാക്കിയുള്ളവ പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും ഈ മൂന്ന് അംഗൻവാടികളുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്.
2020ൽ സ്ഥലം എം.എൽ.എയും ആരോഗ്യ -ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.കെ. ശൈലജ ടീച്ചർ തന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു അംഗൻവാടിക്ക് 25 ലക്ഷം വീതം അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചില അംഗൻവാടികൾ ചോർന്നു തുടങ്ങിയതായും ആക്ഷേപമുണ്ട്.
വാപ്ക്കോസ് എന്ന കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തതെങ്കിലും ഈ കമ്പനി ടെൻഡർ വിളിച്ച് മറ്റൊരു കരാറുകാരന് ഉപകരാർ നൽകുകയായിരുന്നു. നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെ ചൊല്ലി പ്രതിഷേധമുണ്ടായതിനെ തുടർന്ന് സ്ഥലം എം.എൽ.എ കെ.പി. മോഹനൻ ഇടപ്പെട്ട് നവംബർ 15 നകം നിർമാണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നിർമാണം പുനരാംഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.