റൗഡികളെ കണ്ടും കുശലം ചോദിച്ചും പൊലീസ്
text_fieldsഇരിക്കൂർ: റൂറല്‍ ജില്ലയിലെ പൊലീസ് സ്റ്റേഷന് പരിധിയിലെ റൗഡികളെ പരിചയപ്പെട്ട് പൊലീസ്. നേരത്തെ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയവരെയും ശിക്ഷ കഴിഞ്ഞവരെയും ഉൾപ്പെടെയാണ് വെള്ളിയാഴ്ച മുതൽ പൊലീസ് ഉദ്യോഗസ്ഥര്‍ പരിചയപ്പെട്ടു തുടങ്ങിയത്. റൂറല്‍ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം.
റൗഡി ലിസ്റ്റില്‍പ്പെട്ടവരെയാണ് കൂടുതലായും വിളിച്ചുവരുത്തുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ റൂറൽ പരിധിയിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരക്കാരെ വിളിച്ചുവരുത്തി. ഇവര്‍ ഇപ്പോള്‍ എന്തുചെയ്യുന്നു, കേസിന്റെ അവസ്ഥ എന്താണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഒപ്പം പൊലീസുകാർക്ക് ഇവരുടെ മുൻ കേസ് ചരിത്രം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഇത് തുടരും.
ഹാജരാകാത്തവരെയും ലിസ്റ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെയും അടുത്ത വെള്ളിയാഴ്ച വിളിച്ചുവരുത്തും. തുടർപ്രക്രിയയായി നടത്താനാണ് നിർദേശം. ഇതോടെ എല്ലാ പൊലീസുകാർക്കും അതത് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനാവും. സ്ഥിരം കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാനും പൊലീസുകാർ സാമൂഹിക വിരുദ്ധരായവരുമായി ‘ലോഹ്യം കൂടുന്നത്’ തടയാനും പുതിയ പരിചയപ്പെടൽ വഴി സാധിക്കുമെന്നാണ് മേലുദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇത്തരം പരിചയപ്പെടൽ വഴി താക്കീത് നൽകുക കൂടിയാവുമ്പോൾ വീണ്ടും സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേക്ക് നീങ്ങാനുള്ള പ്രേരണ ഒഴിവാക്കാനും സാധിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നു.