പണം തിരികെ ആവശ്യപ്പെട്ട് ഇരിക്കൂര്‍ ബാങ്കിൽ പ്രതിഷേധം
text_fieldsഇരിക്കൂര്‍: നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇരിക്കൂര്‍ സർവിസ് സഹകരണ ബാങ്കില്‍ വീണ്ടും ഇടപാടുകാരുടെ പ്രതിഷേധം. ബാങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. തുകയുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച രാവിലെ മുതൽ നിക്ഷേപകര്‍ ബാങ്കിലെത്തിയത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് ഇതേപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
ബാങ്കില്‍ നാലരക്കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ബാങ്ക് സെക്രട്ടറി പി.വി. മനീഷ് മാസങ്ങളായി ഒളിവിലാണുള്ളത്. ഇതുവരെ ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്നതായാണ് സൂചന. ബാങ്കിൽ നിരവധി പേര്‍ക്ക് നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ പറ്റിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ നിക്ഷേപകര്‍ തീരുമാനിച്ചത്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണസമിതിയാണ് ബാങ്കിലുള്ളത്. മുന്‍ ഭരണസമിതി നിയമങ്ങള്‍ ലംഘിച്ച് നടത്തിയ വായ്പാതിരിമറികളാണ് ബാങ്കിനെ കടക്കെണിയിലെത്തിച്ചത്.
കൃത്യമായ വിദ്യാഭ്യാസ യോഗ്യതപോലും ഇല്ലാത്തവരെയാണ് ഉദ്യോഗസ്ഥരായി പഴയ ഭരണസമിതി തിരഞ്ഞെടുത്തതെന്നും ഇവരെ മറയാക്കിയാണ് സെക്രട്ടറി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടിയതെന്നും നിക്ഷേപകർ പറയുന്നു. ഉച്ചവരെ ബാങ്കിലിരുന്നെങ്കിലും ഭരണസമിതിയുമായി ബന്ധപ്പെട്ടവരാരും എത്താത്തതിനാൽ നിക്ഷേപകർ ഒപ്പുശേഖരണം നടത്തി തിരികെപ്പോവുകയായിരുന്നു. എം.പി, എം.എൽ.എ എന്നിവർക്കടക്കം പരാതി നൽകുമെന്ന് നിക്ഷേപകർ പറഞ്ഞു.


