പുതിയ തെരുവിൽ വാഹനത്തിൽനിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ പിടികൂടി
text_fieldsജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പുതിയതെരുവിൽനിന്നും പിടികൂടിയ ഒരു ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും പേപ്പർ കപ്പുകളും
പുതിയതെരു: ചിറക്കൽ പഞ്ചായത്ത് പരിധിയിലെ പുതിയതെരു ടൗണിലെ കടകളിൽ വിതരണം ചെയ്യാനായി വാഹനത്തിൽ കൊണ്ട് വന്ന ഒരു ക്വിന്റൽ നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കാരി ബാഗുകളും പേപ്പർ കപ്പുകളും ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.
പുതിയതെരു ടൗണിലെ കടകളിൽ മസാലകൾ എത്തിച്ചു വിൽപന നടത്തുന്ന വാഹനത്തിൽ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ വിതരണം ചെയ്യുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
വാഹനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകളും പേപ്പർ കപ്പുകളും കണ്ടെത്തി. റോഷന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടകളിൽ വിതരണം ചെയ്തു വന്നിരുന്നത്. പുതിയ തെരു, മയ്യിൽ, കമ്പിൽ ഭാഗങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി ഓരോ ചാക്കുകളിലും കടകളുടെ പേര് പുറത്ത് എഴുതിയ ശേഷം കാരി ബാഗുകളും മറ്റു മസാല പാക്കറ്റുകളും വെച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്നു വാഹനം വിശദമായ പരിശോധനക്കായി ചിറക്കൽ പഞ്ചായത്ത് കാര്യാലയത്തിലേക്ക് കൊണ്ട് പോവുകയും നിരോധിത സാധനങ്ങൾ പിടിച്ചെടുക്കുകയും ഉടമയായ റോഷനെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി കൈയോടെ 10000 രൂപ പിഴ അടപ്പിക്കുകയും ചെയ്തു.
പിടിച്ചെടുത്ത നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പഞ്ചായത്തിന് കൈമാറി.പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങാളായ അലൻ ബേബി, സി.കെ. ദിബിൽ, ചിറക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.വി. ജിഷാൻ എന്നിവർ പങ്കെടുത്തു.