ഉദ്ഘാടനം കാത്ത് ചിറക്കൽ വില്ലേജ് ഓഫിസ് കെട്ടിടം
text_fieldsപുതിയതെരു ടൗണിൽ ഉദ്ഘാടനം കാത്തുകിടക്കുന്ന ചിറക്കൽ വില്ലേജ് ഓഫിസ്
പുതിയതെരു: നിർമാണം പൂർത്തീകരിച്ച ചിറക്കൽ വില്ലേജ് ഓഫിസ് ഉദ്ഘാടനം എന്നു നടക്കുമെന്നറിയാതെ നീളുന്നു. ഇതേ സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് അധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിർമിച്ചത്. ഏറ്റവും ഒടുവിലായി 2024 നവംബറിൽ കെട്ടിടോദ്ഘാടനം തീരുമാനിച്ചിരുന്നു.
എന്നാൽ, അന്നത്തെ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് ഉദ്ഘാടനം തടസ്സമായത്. ഏറെക്കാലമായി ചിറക്കൽ വില്ലേജ് ഓഫിസ് സമീപത്തെ ഒന്നാം നിലയിലെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സൗകര്യങ്ങൾ തീരെ കുറഞ്ഞതിനാൽ ജീവനക്കാർ ഏറെ പ്രയാസപ്പെട്ടാണ് ജോലി ചെയ്യുന്നത്.
വിശാലമായ ഭൂദേശമായതിനാൽ ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ വേഗത്തിൽ തീർപ്പ് കൽപിക്കാൻ മതിയായ ജീവനക്കാരില്ലെന്ന പരാതിയും ഉണ്ട്. വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത് ഒന്നാം നിലയിലായതിനാൽ വികലാംഗർക്കും വയോജനങ്ങൾക്കും കയറിച്ചെല്ലാൻ സാധിക്കുന്നില്ല. പലപ്പോഴും ജീവനക്കാർ താഴെ ഇറങ്ങിവന്നോ സമീപത്തെ കടക്കാർ, വഴിയാത്രക്കാർ എന്നിവരെ ആശ്രയിച്ചോ ആണ് അപേക്ഷകൾ ഓഫിസിൽ എത്തിക്കുന്നത്. ഇക്കാര്യത്തിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്. എന്നാൽ, ജില്ല ഭരണാധികാരികൾ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.
കെട്ടിടത്തിന് ഒരു ഭാഗത്ത് ചുറ്റുമതിൽ ഒഴിവാക്കിയാണ് പണിതത്. ആയതിനാൽ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിങ് വില്ലേജ് ഓഫിസിലാണ്. രാത്രിസമയങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടവുമാണെന്നും നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫിസിനു മുൻവശത്തെ അപകടം പതിയിരിക്കുന്ന മൂന്ന് വൻ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വലിയ കാറ്റും മഴയും ഉണ്ടാകുന്ന അവസരത്തിൽ മരങ്ങൾ വൻ ഭീഷണിയാണ്. മരം മുറിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വകുപ്പിന് അധികാരമില്ലെന്ന് എൻജിനീയർ പറയുന്നു. റോഡ് വിഭാഗവും കലക്ടറുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതും നീളുകയാണ്.
ചിറക്കൽ വില്ലേജ് ഓഫിസ് ഉദ്ഘാടനം നടത്തുന്നതിൽ ജില്ല ഭരണകൂടം വീഴ്ചവരുത്തുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി 22ന് വൈകീട്ട് നാലിന് പ്രതീകാത്മക ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വി. മഹമ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.