ദേശീയപാതയിൽ കുഴിയടക്കൽ തുടങ്ങി
text_fieldsദേശീയപാതയിൽ പുതിയതെരുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ടാർ ചെയ്ത് ചെച്ചപ്പെടുത്തുന്നു
പുതിയതെരു: ദേശീയപാതയിൽ പുതിയതെരു പട്ടണത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ടാറിങ്ങ് ചെയ്ത് മെച്ചപ്പെടുത്തൽ തുടങ്ങി. ഞായറാഴ്ച രാവിലെ ആരംഭിച്ച പ്രവർത്തികൾ വൈകുന്നേരത്തോടെ പൂർത്തിയായി. റോഡ് പണി നടക്കുന്നതിനാൽ തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന എല്ലാ വാഹനങ്ങളും കീരിയാട് വഴി പുതിയതെരുവിലൂടെ കണ്ണൂരിലേക്ക് വഴിതിരിച്ചു വിട്ടു.
റോഡ് പ്രവൃത്തി നടക്കുമ്പോൾ പുതിയതെരു പട്ടണത്തിലുണ്ടാകുന്ന വാഹനകുരുക്കുകൾ ഒഴിവാക്കാനാണ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത്.
പുതിയ ദേശീയപാത ആറുവരി പാതയുടെ പ്രവൃത്തി തുടങ്ങിയതോടെ തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാടുവരെയുള്ള ദേശീയപാത റോഡ് കരാർ കമ്പനിയായ വിശ്വസമുദ്രക്ക് സർക്കാർ വിട്ടുകൊടുത്തതാണ്.
അങ്ങനെ വിട്ടുകൊടുത്ത റോഡുകളിലെ എല്ലാ അറ്റകുറ്റ പ്രവർത്തികളും കുഴികളടക്കലും വിശ്വസമുദ്ര കമ്പനിയുടെ ചുമതലയാണ്.
അപ്രകാരം കരാർ ഉടമ്പടിയിൽ ഉൾപ്പെട്ട പ്രവൃത്തികളാണ് നടന്നു വരുന്നതെന്നാണ് വിശ്വാസമുദ്രയുടെ എൻജിനീയർമാർ സൂചിപ്പിച്ചത്. കാലാവസ്ഥയുടെ മാറ്റമെനുസരിച്ച് ദേശീയപാതയിൽ പാപ്പിനിശ്ശേരി, കീച്ചേരി, ചുങ്കം, പഴയങ്ങാടിക്കവല, കണ്ണൂർ കാൽടെക്സ്, തെക്കി ബസാർ, താഴെ ചൊവ്വ എന്നിവിടങ്ങളിലെ റോഡുകളിലെയും കുഴികളടച്ച് ടാർ ചെയ്ത് മെച്ചപ്പെടുത്തുമെന്ന് കരാറുകാരുടെ റോഡ് സുരക്ഷ എൻജിനീയർമാർ പറഞ്ഞു. എന്നാൽ, പ്രകൃതിക്ഷോഭത്താൽ റോഡ് തകർന്ന് പൊട്ടിപൊളിഞ്ഞതല്ലാതെ വാട്ടർ അതോറിറ്റിയും ടെലിഫോൺ കമ്പനിക്കാരും ഉണ്ടാക്കിയ കേടുപാടുകൾ തീർക്കാൻ കരാർ കമ്പനിക്കാർക്ക് ബാധ്യതയില്ലെന്നും അവർ സൂചിപ്പിച്ചു.