കോട്ടക്കുന്നിൽ ദേശീയപാതയുടെ ഭിത്തി പുറത്തേക്ക് തള്ളി
text_fieldsകോട്ടക്കുന്നിൽ ദേശീയപാതയുടെ നിർമാണം നടക്കുന്ന പ്രദേശത്തെ കോൺക്രീറ്റ് മതിൽ പുറത്തേക്ക് തള്ളിയനിലയിൽ
പുതിയതെരു: ചിറക്കൽ കോട്ടക്കുന്ന് പുതിയ ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്തെ കോൺക്രീറ്റ് ഭിത്തികൾ മൂന്നടിയോളം പുറത്തേക്ക് തള്ളിയ നിലയിൽ. ഏതുസമയവും റോഡ് തകരുമെന്ന നിലയിലാണ്.
പുതിയ വളപട്ടണം-കോട്ടക്കുന്ന് പാലം കഴിഞ്ഞ് കോട്ടക്കുന്ന് വഴി കടന്നു പോകുന്ന ദേശീയപാതയുടെ അഞ്ചു മീറ്ററിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ സിമന്റ് ഭിത്തിയാണ് പുറത്തേക്ക് തള്ളി നിൽകുന്നത്. ഇതോടെ സമീപവാസികളും ഭീതിയിലായി. വിവരം അറിഞ്ഞ് കെ.വി. സുമേഷ് എം.എൽ.എയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാത അധികൃതരും കരാറു കമ്പനിയുമായി സംസാരിച്ചു.
സ്ഥലത്തെ അടിത്തറ ഉറപ്പില്ലാത്തിനാലാണ് ഭിത്തി താഴ്‌ന്ന് പോകുന്നതിനും പുറത്തേക്ക് തള്ളാനും ഇടയായത്. ഇവിടെ വീണ്ടും പൊളിച്ച് അടിത്തറ ഉറപ്പിച്ച് നിർമിക്കുമെന്നാണ് തീരുമാനമെന്ന് ദേശീയ പാത അധികൃതർ പറഞ്ഞു. പ്രദേശത്ത് പ്രവൃത്തി ആരംഭിച്ച് കമ്പികെട്ടി മുകളിലെത്തിയപ്പോൾ ഇടിഞ്ഞ് താഴെ വീണതയും സമീപവാസികൾ പറഞ്ഞു. എം.എൽ.എയോടൊപ്പം പ്രൊജക്റ്റ് മാനേജർ ചക്രപാണി, ബ്ലോക്ക് പ്രസിഡന്റ് കെ.സി. ജിഷ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, പി. അനിൽ കുമാർ, പി. അജയൻ, എൻ. ശശിന്ദ്രൻ എന്നിവരും സ്ഥലം സന്ദർശിച്ചു.
സമീപത്തെ നാലു വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. പ്രദേശത്തുകൂടി വലിയ വാഹനങ്ങൾ പോകുമ്പോൾ വീട് ആകെ ഇളകുന്ന അവസ്ഥയാണ്.


