വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണവും 90,000 രൂപയും കവർന്നു
text_fieldsകൊല്ലറത്തിക്കലിൽ കവർച്ച നടന്ന വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിയില്‍
പുതിയതെരു: കൊല്ലറത്തിക്കലിൽ വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണാഭരണങ്ങളും 90,000 രൂപയും കവർന്നു. സറീനാസിൽ എൻ.പി. മൊയ്തീൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ വീടുപൂട്ടി ഏതാനും ദിവസമായി മകളുടെ വീട്ടിൽ താമസിക്കാൻ പോയതായിരുന്നു. വാതിൽ തുറന്നുകിടക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി വ്യക്തമായത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലായിരുന്നു. സമീപത്തുനിന്നും ഇരുമ്പു പൈപ്പും തേങ്ങ ഉരിക്കുന്ന പാരയും കണ്ടെത്തി. ആഭരണങ്ങളും പണവും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. അലമാരകൾ കുത്തിത്തകർത്തു.
വളപട്ടണം പൊലീസ് കേസെടുത്തു. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ എം. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.