രാജ്യസഭാംഗത്വം; ചർച്ചയായി സദാനന്ദന്റെ ചെയ്തികളും
text_fieldsജനാർദനൻ
കണ്ണൂർ: സി.പി.എം ആക്രമണ രാഷ്ട്രീയത്തിന്റെ ഇരയെന്ന നിലക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദനെ രാജ്യസഭാംഗത്വം നൽകി ദേശീയതലത്തിലേക്ക് ഉയർത്തിക്കാട്ടുമ്പോൾ ചർച്ചയായി സദാനന്ദന്റെ ചെയ്തികളും. ആക്രമണ രാഷ്ട്രീയത്തിന്റെ മുൻനിരയിൽനിന്നയാളായിരുന്നു സദാനന്ദനെന്നും തന്നെ ഈ നിലയിലാക്കിയത് അയാളാണെന്നും പെരിഞ്ചേരി സ്വദേശി പി.എം. ജനാർദനൻ പറയുന്നു. വെറുമൊരു വാക്കുതർക്കത്തിന്റെ പേരിലാണ് 30 വർഷം മുമ്പുണ്ടായ ആക്രമണമെന്നും ഇന്നും പരസഹായമില്ലാതെ നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 1993ലെ ശ്രീകൃഷ്ണ ജയന്തി ദിനത്തിലാണ് സംഭവം. അന്ന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കല്ലുവെട്ട് തൊഴിലാളിയുമായിരുന്നു ജനാർദനൻ.
‘‘പണികഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്തമകനും ചെറിയ മകളും വീട്ടിലില്ല. അടുത്ത ബന്ധുകൂടിയായ സദാനന്ദൻ ശ്രീകൃഷ്ണ വേഷമിടാൻ കുട്ടികളെ കൊണ്ടുപോയതാണെന്ന് അറിഞ്ഞു. അനുമതിയില്ലാതെ കുട്ടികളെ കൊണ്ടുപോയതിനുപുറമെ അവരെ വീട്ടിൽ കൊണ്ടുവിടാതെ സ്കൂളിൽ നിർത്തിയത് എന്നെ ചൊടിപ്പിച്ചു. പിറ്റേന്ന് ഇതുസംബന്ധിച്ച് സദാനന്ദനോട് ചോദിച്ചത് വാക്കേറ്റമായി.
ആൾക്കൂട്ടത്തിൽവെച്ച് ചോദ്യം ചെയ്തത് അയാൾക്ക് പിടിച്ചില്ല. പിറ്റേന്ന് രാവിലെ കല്ലുവെട്ടാൻ പോകാൻ മട്ടന്നൂരിൽനിന്ന് ബസ് കയറിയതാണ്. പൊടുന്നനെ രണ്ടുപേർ പിടിച്ചിറക്കിയതേ ഓർമയുള്ളൂ. പിന്നെ കമ്പിപ്പാരകൊണ്ട് തല്ലും തുരുതുരാ വെട്ടും. മരിച്ചെന്ന് കരുതി ഉപേക്ഷിച്ചതിനാൽ കാലുകൾക്ക് സ്വാധീനമില്ലെങ്കിലും ഇങ്ങനെ ജീവിച്ചുപോകുന്നു. കേസിൽ പ്രതിയാക്കി സദാനന്ദനെതിരെ കേസെടുത്തെങ്കിലും എല്ലാവരെയും വെറുതെ വിട്ടു.
എങ്കിലും ആക്രമണത്തിനു പിന്നിലാരെന്ന് എല്ലാവർക്കുമറിയാം’’ -ജനാർദനൻ നെടുവീർപ്പിട്ടു. ഈ ആക്രമണത്തിന് പകരമായാണ് സദാനന്ദന്റെ ഇരുകാലുകളും 1994 ജനുവരി 25ന് സി.പി.എമ്മുകാർ വെട്ടിയെടുത്തത്. ഇതിന് മറുപടിയായി പിറ്റേന്ന് കൂത്തുപറമ്പിൽ എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷ് കൊല്ലപ്പെട്ടു. തന്റെ കാലുകൾ നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ സുധീഷ് കൊല്ലപ്പെടുമായിരുന്നില്ലെന്ന് സദാനന്ദൻ പിന്നീട് പറഞ്ഞിരുന്നു. ഇങ്ങനെ കൊണ്ടും കൊടുത്തും നടന്നവരിൽ ഒരാൾ മാത്രം ഇരവേഷമാവുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.