തണ്ണിമത്തൻ കൃഷിയിലും നൂറുമേനി വിളവ് കൊയ്ത് രവീന്ദ്രന്റെ വിജയഗാഥ
text_fieldsതണ്ണിമത്തന്റെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
പേരാവൂർ: തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിളവ്. മണത്തണ സ്വദേശി പുളിക്കപ്പറമ്പിൽ രവീന്ദ്രൻ കൃഷി ചെയ്ത തണ്ണിമത്തൻ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂൾ റോഡിൽ മണത്തണ ഗോപുരത്തിന് സമീപത്തെ ഒന്നര ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്.
വിവിധതരം കൃഷികൾ ചെയ്യുന്ന രവീന്ദ്രൻ ഇത് രണ്ടാം തവണയാണ് ഇവിടെ തണ്ണിമത്തൻ കൃഷിചെയ്തത്.
കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണിത്. തികച്ചും ജൈവരീതിയിലാണ് രവീന്ദ്രന്റെ കൃഷി. അതുകൊണ്ട് തന്നെ രവീന്ദ്രന്റെ കാർഷിക ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
തണ്ണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. വാർഡ് മെംബർ ഷീബ ഗോപിനാഥ്, കൃഷി അസി. ആൻസി സെബാസ്റ്റ്യൻ, രുഗ്മിണി നാമത്ത്, കർഷകൻ പുളിക്കപറമ്പിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ കർഷകർക്ക് വിപണന കേന്ദ്രം ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു.


