ദിവ്യയെ അനുകൂലിച്ചും എതിർത്തും പ്രതിനിധികൾ
text_fieldsതളിപ്പറമ്പ്: സി.പി.എം ജില്ല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നടന്ന പൊതുചർച്ചയിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യയെ അനുകൂലിച്ചും എതിർത്തും പ്രതിനിധികൾ.
മുൻ എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയുടെ വാദം പോലും കേൾക്കാതെയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതെന്നാണ് പ്രധാന വിമർശനം.
മാടായി, തലശ്ശേരി ഏരിയ കമ്മിറ്റി പ്രതിനിധികളാണ് ദിവ്യക്ക് അനുകൂലമായി രംഗത്തുവന്നത്. എന്നാൽ, ദിവ്യ പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ചേലേക്കര-പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ദിവ്യ വിഷയം പാർട്ടിക്ക് ക്ഷീണം വരുത്തിയെന്നും ചില പ്രതിനിധികൾ പറഞ്ഞു. ദിവ്യക്കെതിരെ പാർട്ടി കൈക്കൊണ്ട നടപടികൾ ശരിയെന്ന നിലക്കാണ് നേതാക്കൾ ഇതിനു നൽകിയ മറുപടി.
പയ്യന്നൂരിലെ വിഭാഗീയത
പാർട്ടി ശക്തികേന്ദ്രമായ പയ്യന്നൂര്‍ ഏരിയയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിൽ പ്രതിനിധികള്‍ പ്രതികരിച്ചു. പയ്യന്നൂരിലേത് വിഭാഗീയതയല്ല, ഗ്രൂപ് പോരാണ്. അതില്‍ ഒത്തുതീര്‍പ്പ് ഫോര്മുലയുണ്ടാക്കി ജില്ല നേതാക്കള്‍ക്ക് പയ്യന്നൂരില്‍ തമ്പടിക്കേണ്ടി വന്നത് ശരിയായില്ല. പയ്യന്നൂരിൽ മാത്രം ഇല്ലാത്ത കീഴ്വഴക്കം സൃഷ്ടിച്ചതിലും വിമർശനമുയർന്നു. തെറ്റ് ചെയ്തത് ആരാണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിട്ടും സംഘടന നടപടി സ്വീകരിക്കുന്നതിന് പകരം അവര്‍ക്ക് സ്ഥാനങ്ങള്‍ നല്കി ഒത്തുതീര്പ്പുണ്ടാക്കുകയാണോ വേണ്ടതെന്നും പ്രതിനിധികൾ ചോദിച്ചു.
അങ്ങനെയാണെങ്കില്‍ സി.പിഎമ്മും കോണ്‍ഗ്രസും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വിമര്‍ശനമുയര്‍ന്നു. പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വിഷയത്തില്‍ എം.എല്‍. എ. കൂടിയായ ടി.ഐ. മധുസൂദനന് സംഭവിച്ച ജാഗ്രതക്കുറവില്‍ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ചില കേന്ദ്രങ്ങള്‍ പദ്ധതി തയാറാക്കിയെന്നും ചിലർ വിമർശിച്ചു.
ഇ.പി. ജയരാജൻ വെട്ടിലാക്കി
നിര്‍ണായകഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പതിവ് മുതിര്‍ന്ന നേതാവ് ഇ.പി. ജയരാജന് ആവര്‍ത്തിക്കുന്നുവെന്നാണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ചേലക്കര ഉപതെരഞ്ഞെടുപ്പു ദിവസം പുറത്തുവന്ന ആത്മകഥ ഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശനമുയര്‍ന്നത്. എന്നാൽ, ആത്മകഥ വിവാദം സാരമായ ചർച്ചയുണ്ടാക്കിയില്ലെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു.
പി. ജയരാജനെതിരെ വിമർശനം
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മുന്‍ ജില്ല കമ്മിറ്റിയംഗം മനു തോമസിനെതിരെ മുതിര്‍ന്ന നേതാവ് പി. ജയരാജന്റെ പ്രതികരണം അനവസരത്തില്‍ ഉള്ളതായിരുന്നു എന്ന് വിമർശനം.
മനുതോമസിന് സമൂഹമാധ്യമങ്ങളിലൂടെ പി. ജയരാജന് നല്കിയ മറുപടി ജില്ലയിലെ സ്വർണക്കടത്ത്-ക്വട്ടേഷന്‍ സംഘം ഏറ്റെടുക്കുകയും അത് പാര്‍ട്ടിക്ക് പൊതുസമൂഹത്തിനിടയില്‍ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തന, സംഘടന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയാക്കി. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ല സെക്രട്ടറി എം.വി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നല്കി. ജില്ലയിലെ 18 ഏരിയ കമ്മിറ്റികളിൽ നിന്നായി 18 വനിത അംഗങ്ങൾ ഉൾപ്പടെ 54 പേർ പൊതുചർച്ചയിൽ പങ്കെടുത്തു.