പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 35,000 രൂപ പിഴ
text_fieldsതുരുത്തി മേഖലയിൽ മാലിന്യം തള്ളി കത്തിച്ചനിലയിൽ
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി തുരുത്തിയിൽ കണ്ടൽകാടുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായുമുള്ള പരാതിയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 35,000 രൂപ പിഴയിട്ടു. വളപട്ടണം പുഴക്കു സമീപം തുരുത്തിയിൽ വൻതോതിൽ തത്സമയം മാലിന്യങ്ങൾ കത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ തെളിവെടുപ്പിൽ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം പ്രവർത്തിച്ചുവരുന്ന മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽനിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന് കണ്ടെത്തി.
മെട്രിയോ സെന്റർ ഹൈപ്പർമാർക്കറ്റ് അധികൃതരെയും, മാലിന്യം തള്ളിയതായി കണ്ടെത്തിയ പാപ്പിനിശ്ശേരി സ്വദേശി നൗഫൽ പി എന്നവരുടെ തൊഴിലാളികളെയും സ്‌ക്വാഡ് സ്ഥലത്ത് വിളിച്ചുവരുത്തി തീ അണപ്പിക്കുകയും മാലിന്യങ്ങൾ തിരികെ എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുംചെയ്തു.
4000 രൂപയുടെ കരാറിലാണ് നൗഫൽ മാലിന്യങ്ങൾ തുരുത്തിയിൽ എത്തിച്ച് തള്ളുകയും കത്തിക്കുകയും ചെയ്തതെന്ന് തെളിഞ്ഞു. തുരുത്തിയിൽ മറ്റു പല ഇടങ്ങളിലും മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽനിന്നുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും തുടർ പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി.
കല്യാണവീടുകളിൽനിന്നും പണം വാങ്ങി നൗഫൽ പി മാലിന്യങ്ങൾ തുരുത്തിയിൽ എത്തിച്ച് തള്ളിവരുന്നതായും സ്‌ക്വാഡിന് ബോധ്യപ്പെട്ടു. മാലിന്യങ്ങൾ ഹരിതകർമ സേനക്കോ സർക്കാർ അംഗീകൃത ഏജൻസിക്കോ കൈമാറാത്തതിന് മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിന് 20,000 രൂപ പിഴയിട്ടു. മാലിന്യങ്ങൾ തുരുത്തി പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്തതിന് നൗഫൽ പി എന്നവർക്ക് 10,000 രൂപയും പിഴ ഈടാക്കി. വലിയതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക് ചാക്കുകളും പഴം പച്ചക്കറി മാലിന്യങ്ങളുമാണ് പ്രദേശത്ത് കത്തിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുരുത്തിയിൽ പദ്മിനി എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും സ്ഥലം സംരക്ഷിക്കാത്തതിനും 5000 രൂപയും പിഴയിട്ടു. ആകെ 35,000 രൂപയാണ് പിഴയിട്ടത്.
വരും ദിവസങ്ങളിലും തുരുത്തിയിൽ പരിശോധന നടത്തുമെന്നും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി.കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി തുടങ്ങിയവർ പങ്കെടുത്തു.


