ചെമ്പോത്താണ് ഷെരീഫയുടെ കൂട്ടുകാരി
text_fieldsഷെരീഫ ചെമ്പോത്തിനൊപ്പം
ഇരിട്ടി: ഗൂബ് ഗൂബ് ഗൂബ്... എന്ന് ശബ്ദമുണ്ടാക്കി പുതിയ കൂട്ടുകാരി കൗൺസിലർ ഷെരീഫക്ക് ചുറ്റും പറന്നു. ശബ്ദവ്യതിയാനങ്ങളിൽ ആവശ്യം മനസ്സിലാക്കി ഭക്ഷണവും വെള്ളവുമായി ഉമ്മ സൈനബയും അതിഥിയുടെ കാര്യങ്ങൾ നോക്കി കൂടെയുണ്ട്. മനുഷ്യരോട് അധികമൊന്നും കൂട്ടുകൂടാത്ത ചെമ്പോത്തിന്റെയും ഇരിട്ടി നഗരസഭ ഇരുപതാം വാർഡ് കൗൺസിലർ ടി.കെ. ഷെരീഫയുടെയും സൗഹൃദം ഇപ്പോൾ നാട്ടിൽ പാട്ടാണ്.
സഹജീവി സ്നേഹത്തിൽ ഷെരീഫയും ഉമ്മ സൈനബയും എന്നും രാവിലെ പക്ഷികൾക്ക് ഭക്ഷണം നൽകാറുണ്ട്. മുറ്റത്ത് വെള്ളവും അന്നവും വെച്ചാണ് ഒരു ദിവസം തുടങ്ങുക. നാലുമാസം മുമ്പാണ് മറ്റു പക്ഷികളോടൊപ്പം ചെമ്പോത്ത് ആദ്യമായി ഷെരീഫയുടെ വീട്ടിൽ വിരുന്നെത്തിയത്.
ഭക്ഷണം നൽകിയതോടെ കൂട്ടായി. ഇപ്പോൾ വീടിന്റെ അകത്ത് കയറി ഭക്ഷണം കഴിക്കാൻ വരെ സ്വാതന്ത്ര്യമുണ്ട് ഉപ്പനെന്ന് വിളിപ്പേരുള്ള കക്ഷിക്ക്. ഷെരീഫയുടെയും സൈനബയുടെയും കൈകളിലും ചുമലിലും പറന്നുവന്നിരിക്കും. കാകരൂപിയാണെങ്കിലും കുയിൽ വർഗത്തിൽപ്പെട്ട ചെമ്പോത്ത് പൊതുവെ മനുഷ്യരുമായി ഇണങ്ങാത്ത പക്ഷിയാണ്.
കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ഇവയുടെ ശാസ്ത്രീയ നാമം സെൻട്രോപസ് സൈനേൻസിസ് എന്നാണ്. പോസിറ്റീവ് എനർജി കൊണ്ടുവരുന്ന പക്ഷിയായാണ് ഇവയെ പൂർവികർ കണക്കാക്കിയിരുന്നത്. സ്വന്തം വാർഡിലെ നിവാസികളുടെ ക്ഷേമാന്വേഷണത്തോടൊപ്പം ചെമ്പോത്തിന്റെ കാര്യങ്ങൾ കൂടി നോക്കാനുള്ള തിരക്കിലാണ് കൗൺസിലർ ഷെരീഫ.