
മുഹമ്മദും സഹോദരി അഫ്രയും
കുഞ്ഞനുജന് തണലൊരുക്കി അഫ്ര മോൾ വിടവാങ്ങി
text_fieldsപഴയങ്ങാടി (കണ്ണൂർ): പ്രാർത്ഥനാ നിരതമായിരുന്ന ജനതയെ കണ്ണീരിലാഴ്ത്തി മാട്ടൂൽ സെൻട്രലിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിത അഫ്ര (16) നിര്യാതയായി. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ രണ്ടു ദിവസം മുമ്പാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലക്ക് മാറ്റിയത്.
അസുഖ വിവരമറിഞ്ഞതു മുതൽ ഗ്രാമം പ്രാർത്ഥനയിലായിരുന്നു. അഫ്രക്ക് സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതക രോഗമാണെന്ന് നാലാം വയസ്സിലാണ് കണ്ടെത്തിയത്. അനുജൻ മുഹമ്മദിനു ഇതേ രോഗം സ്ഥീരീകരിച്ചതോടെ രണ്ടു വയസ്സിനു മുമ്പ് കുഞ്ഞനിയന് ചികിത്സക്ക് 18 കോടി രൂപയുടെ കാരുണ്യം തേടി ചക്ര കസരയിലിരുന്ന് അഫ്ര 2021 ജൂണിൽ ലോകത്തോട് നടത്തിയ കാരുണ്യാഭ്യർത്ഥനയിൽ പെയ്തിറങ്ങിയത് 46 കോടി 78 ലക്ഷം രൂപയാണ്.
അനുജൻ മുഹമ്മദിന്റെ ചികിത്സക്ക് പുറമെ സമാന രോഗികൾക്കും തുക സഹായകരമായി. 18 കോടി രൂപയുടെ മരുന്ന് കുത്തിവെച്ച മുഹമ്മദ് ചികിത്സ തുടരുകയാണ്. മാട്ടൂൽ സെൻട്രലിലെ പി.കെ.റഫീഖ് - പി.സി. മറിയുമ്മ ദമ്പതികളുടെ മകളാണ് മാട്ടൂൽ നോർത്ത് സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയായ അഫ്ര. സഹോദരി: അൻസില.