കളിചിരിയുടഞ്ഞു.. കണ്ണീർദിനമായി പുതുവർഷാരംഭം
text_fieldsശ്രീകണ്ഠപുരം: കളിചിരിയുടഞ്ഞ് അവരുടെ വീട്ടിലേക്കുള്ള മടക്കം. കൂടെ വന്നതിൽ നേദ്യ ഇനിയില്ല. സങ്കടക്കോളടങ്ങാതെ അവർ. കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ പുതുവത്സരാഘോഷം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് അവർ മടങ്ങിയത് കണ്ണീരിലേക്ക്. പ്രിയ കൂട്ടുകാരി നേദ്യ എസ്. രാജിന്റെ ജീവൻ നഷ്ടമാവുകയും മറ്റുള്ളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത കണ്ണീർക്കയത്തിലാണ് കുട്ടികളും രക്ഷിതാക്കളും. സ്കൂളിൽ എക്സി. യോഗവും ഉണ്ടായതിനാൽ രക്ഷിതാക്കളിൽ ചിലരും സ്കൂളിൽ എത്തിയിരുന്നു. പുതുവത്സര കേക്ക് മുറിയും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവുമെല്ലാം കഴിഞ്ഞ് ആഹ്ലാദത്തോടെയാണ് എല്ലാ കുട്ടികളും ബസുകളിൽ മടങ്ങിയത്. നേദ്യക്കും സമ്മാനങ്ങൾ കിട്ടിയിരുന്നു.
എന്നാൽ ഫിറ്റ്നസ് കാലാവധി തീർന്ന കെ.എൽ 59 ഇ.15 ബസിൽ സഞ്ചരിച്ച കുട്ടികളാണ് കണ്ണീർ യാത്രയിൽപ്പെട്ടത്. കിരാത്ത്നിന്ന് വളക്കൈ അംഗൻവാടി റോഡ് ഇറക്കത്തിൽ വച്ചാണ് സ്കൂൾ ബസ് നിയന്ത്രണം വിട്ടത്. കുട്ടികൾ നിലവിളിക്കുമ്പോഴേക്കും നേദ്യ പുറത്തേക്ക് തെറിച്ചു വീണിരുന്നു. നിമിഷനേരം കൊണ്ട് വീണ്ടും മറിഞ്ഞ വാഹനത്തിനടടിയിൽ നേദ്യ അകപ്പെടുകയും ചെയ്തു. സമീപവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിലേർപെടുകയായിരുന്നു. കുട്ടികളെയെല്ലാം ആശുപത്രിലെത്തിച്ചെങ്കിലും നേദ്യയുടെ ജീവൻ രക്ഷിക്കാനായില്ല. മറ്റ് കുട്ടികൾ വേദനയോടെ ഭയാശങ്കയിൽ ആശുപത്രിയിലും പകച്ചു നിൽക്കുകയാണ്. എന്താണ് സംഭവിച്ചതെന്നറിയാതെ അവർ കണ്ണീർപൊഴിക്കുന്നു
ദുരന്തമറിഞ്ഞതോടെ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് നിരവധിപേർ അപകട സ്ഥലത്തെത്തിയിരുന്നു. ബസിനകത്ത് നിറയെ ബാഗുകളും ചെരിപ്പുകളും ബാക്കി. വന്നവർക്കെല്ലാം കണ്ണ് നനയിച്ച കാഴ്ച്ചയായിരുന്നു അത്. റോഡിൽ ചില്ലു പൊടികളും ചോരയും.ആശുപത്രിയിലും ഒട്ടേറെപ്പേരാണ് കുട്ടികളെ കാണാനെത്തിയത്. സംഭവം സംബന്ധിച്ച് വിവരങ്ങൾ തേടിയെങ്കിലും പ്രഥമാധ്യാപികയും പി.ടി.എ ഭാരവാഹിയും പ്രതികരിക്കാൻ തയാറായില്ല.
ഫിറ്റ്നസ് കഴിഞ്ഞതായി മോട്ടോർ വാഹനവകുപ്പ്
ശ്രീകണ്ഠപുരം: അപകടത്തിൽപ്പെട്ട കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന്റെ കെ.എൽ 59 ഇ.15 നമ്പർ ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞ മാസം 29ന് അവസാനിച്ചതായി മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തി.
എങ്കിലും പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഫിറ്റ്നസ് നീട്ടി നൽകിയിട്ടുണ്ടെന്നാണ് സ്ഥലത്തെത്തിയ തളിപ്പറമ്പ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിപിൻ രവീന്ദ്രൻ പറഞ്ഞത്. ഫിറ്റ്നസ് ഇല്ലാത്ത ബസിൽ കുട്ടികളെ നിറച്ച് കൊണ്ടുപോയതാണോ ഡ്രൈവറുടെ അശ്രദ്ധയാണോ അപകടകാരണമെന്ന് പരിശോധിക്കുകയാണ്.
വിവരമറിഞ്ഞ് കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ, സജീവ് ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിശ്വംഭരൻ, ശ്രീകണ്ഠപുരം സി.ഐ ടി.എൻ. സന്തോഷ് കുമാർ, എസ്.ഐമാരായ എം.വി. ഷിജു, എം.പി. ഷാജി എന്നിവരും സ്ഥലത്തെത്തിയിരുന്നു. വളക്കൈ അംഗൻവാടി -കിരാത്ത് റോഡിൽ നിന്നാണ് സ്കൂൾ ബസ് തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയിലേക്ക് മറിഞ്ഞത്. അമിതവേഗത്തിലായിരുന്നുവെന്ന് സമീപവാസികളും കാമറ ദൃശ്യങ്ങളും സാക്ഷ്യപ്പെടുത്തുന്നു. വീതികുറഞ്ഞ റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽവെച്ച് വാഹനം ആദ്യം മറിഞ്ഞതോടെ കുട്ടികളൊന്നാകെ നിലവിളിച്ചു. നേരത്തെയും ഈ റോഡിൽ അപകടമുണ്ടായിട്ടുണ്ട്.സംഭവ സമയം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന സംശയം ഉയർന്നതിനാൽ പൊലീസ് അതും പരിശോധിക്കുന്നുണ്ട്.
ഡ്രൈവർ മൊബൈൽ ഉപയോഗിച്ചു ?
ശ്രീകണ്ഠപുരം: വളക്കൈയിൽ വിദ്യാര്‍ഥിനി മരിച്ച സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സി.സി.ടി.വിയില്‍ കാണുന്ന അപകട ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവര്‍ നിസാം വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നു.
സ്കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സ്ആപ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്. അതേസമയം, അപകട സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിസാമുദ്ദീന്‍ പ്രതികരിച്ചു. നേരത്തെ ഇട്ട വാട്സ്ആപ് സ്റ്റാറ്റസ് അപ്ഡേറ്റ് ആയതാകാമെന്നും ഇയാള്‍ പറഞ്ഞു. വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്കിയ മൊഴി.