കാത്തിരിപ്പിന്റെ ഒമ്പതു വർഷം; കാടുകയറി കുടിയേറ്റ മ്യൂസിയം
text_fieldsചെമ്പത്തൊട്ടിയിൽ കുടിയേറ്റ മ്യൂസിയത്തിനായി നിർമിച്ച കെട്ടിടങ്ങൾ കാടുകയറിയ നിലയിൽ
ശ്രീകണ്ഠപുരം: സർക്കാറിന്റെ കെടുകാര്യസ്ഥതമൂലം കാത്തിരിപ്പിന്റെ ഒമ്പതു വർഷങ്ങൾ പിന്നിട്ട ചരിത്രമാണ് ചെമ്പന്തൊട്ടിയിലെ ബിഷപ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന് പറയാനുള്ളത്.
മലബാർ കുടിയേറ്റ ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് 2015ൽ ചെമ്പന്തൊട്ടിയിൽ കുടിയേറ്റ മ്യൂസിയം നിർമാണം തുടങ്ങിയത്. കുടിയേറ്റ ജനതയുടെ സ്വപ്നങ്ങൾക്കൊപ്പം നടന്ന ബിഷപ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പേരും മ്യൂസിയത്തിന് നൽകി. തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഒരേക്കർ സ്ഥലത്താണ് കുടിയേറ്റ മ്യൂസിയം നിർമിക്കുന്നത്. എന്നാൽ രണ്ട് കെട്ടിടങ്ങളൊരുക്കി എന്നല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.
1.25 കോടി രൂപ കൊണ്ട് ആദ്യഘട്ട നിർമാണം നടത്തി. സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിൽ കിറ്റ്കോക്കായിരുന്നു ആദ്യം നിർമാണച്ചുമതല. രണ്ടാംഘട്ട നിർമാണമെന്ന നിലയിൽ പുരാവസ്തുക്കൾ പ്രദർശിപ്പിക്കാനായുള്ള ഒരു കെട്ടിടം കൂടി നിർമിച്ചു.
1.65 കോടി രൂപ വകുപ്പ് ഫണ്ടും കെ.സി. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപയും ചേർത്ത് ആകെ 2.15 കോടി രൂപക്കുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കേണ്ടത്. ഇനിയും എത്ര നാൾ കാത്തിരിക്കണം മ്യൂസിയം യാഥാർഥ്യമാകാൻ എന്നാണ് ജനങ്ങളുടെ ചോദ്യം.
നിർമാണം നിലച്ചു
രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ തുക സർക്കാറിൽനിന്ന് കരാറുകാരന് ലഭിക്കാത്തതിനാൽ മാസങ്ങളായി നിർമാണ പ്രവൃത്തികൾ നിലച്ച സ്ഥിതിയിലാണ്. പിണറായി ഇൻഡസ്ട്രിയൽ കോഓപ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
നിർമാണം നിലച്ചതോടെ കെട്ടിടങ്ങളെല്ലാം കാടുകയറിയ നിലയിലാണ്. പൂർത്തിയായ കെട്ടിടത്തിൽ മ്യൂസിയം ഒരുക്കാനുള്ള നടപടികളും നടന്നില്ല. ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്ന പ്രവൃത്തികളും മന്ദഗതിയിലാണ്. ചെമ്പന്തൊട്ടി -നടുവിൽ റോഡിൽനിന്ന് മ്യൂസിയത്തിലേക്കുള്ള റോഡ് സജീവ് ജോസഫ് എം.എൽ.എ അനുവദിച്ച തുകകൊണ്ട് ടാർ ചെയ്തിട്ടുണ്ട്. കാടുകയറി നശിക്കുന്നതിനു മുമ്പ് തുടർനടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിർമാണം കലാഗ്രാമത്തിന്റെ മാതൃകയിൽ
ലളിതകല അക്കാദമിയുടെ കാക്കണ്ണൻ പാറയിലെ കലാഗ്രാമത്തിന്റെ മാതൃകയിലാണ് മ്യൂസിയം നിർമിക്കുന്നത്. ആർക്കിടെക്ട് ആർ.കെ. രമേഷായിരുന്നു മ്യൂസിയത്തിന്റെ രൂപകൽപന ചെയ്തത്. തറക്കല്ലിടലിനു മുമ്പായി ചെമ്പന്തൊട്ടിയിൽ ചരിത്രകാരൻമാരെ അണിനിരത്തി സെമിനാർ നടത്തി മ്യൂസിയത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ആസൂത്രണം ചെയ്തിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, തിരുവിതാംകൂർ ചരിത്രം, മറ്റു ചരിത്ര സംഭവങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ബിഷപ് വള്ളോപ്പള്ളിയുടെ പൂർണകായ പ്രതിമ മ്യൂസിയത്തിനു മുന്നിലെ റോഡരികിൽ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മ്യൂസിയത്തിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കൾ പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്നതിനായി സർവേയും നടത്തിയിരുന്നു.