ഇവിടെയുണ്ട്, ബസുകൾ കയറാത്ത സ്റ്റാൻഡുകൾ...
text_fieldsചെമ്പേരി ബസ് സ്റ്റാൻഡ്
ശ്രീകണ്ഠപുരം: ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻഡുകൾ നിർമിച്ചിട്ടും ഒരു ബസ് പോലും കയറാത്ത നിരവധി സ്റ്റാൻഡുകളുണ്ട് മലയോരത്ത്. ബസുകൾ പ്രവേശിക്കാത്തതിനാൽ മറ്റു വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായിരിക്കുകയാണ് ഇവയിലധികവും. ഉദ്ദേശിച്ച ലക്ഷ്യം നേടാനാവാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനവും നഷ്ടമായി. കൃത്യമായ ആസൂത്രണമില്ലാതെ ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ സ്റ്റാൻഡുകൾ നിർമിച്ചതാണ് ആളും ബസുകളും ഇല്ലാത്ത ഇടമാക്കി ഇവയെ മാറ്റുന്നത്. പലതും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നേർക്കാഴ്ചയാണ്.
ചെമ്പേരി ബസ് സ്റ്റാൻഡ്
ഏരുവേശ്ശി പഞ്ചായത്ത് മികച്ചരീതിയിൽ നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ബസ് പോലും കയറാത്ത ബസ് സ്റ്റാൻഡായി തുടരുകയാണ് ചെമ്പേരിയിലേത്. ടൗണിൽനിന്ന് 500 മീറ്റർ മാത്രം മാറിയുള്ള സ്റ്റാൻഡ് വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമാണ്. ബസുകൾ സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചുപോകുകയാണ്. 12 വർഷം മുമ്പ് അലക്സാണ്ടർ കടൂക്കുന്നേൽ എന്ന കർഷകൻ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്റ്റാൻഡ് പണിതത്.
ചപ്പാരപ്പടവ്
നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തെത്തുടർന്ന് നിർമിച്ച ചപ്പാരപ്പടവ് ടൗണിലെ മിനി ബസ് സ്റ്റാൻഡും ശുചിമുറിയും വർഷങ്ങളായിട്ടും പ്രവർത്തിച്ചുതുടങ്ങിയില്ല. ചപ്പാരപ്പടവ് പാലത്തിനു സമീപം സ്വകാര്യ വ്യക്തികളിൽനിന്നു ലഭിച്ച 22 സെന്റ് സ്ഥലത്താണ് സ്റ്റാൻഡും ശുചിമുറിയും നിർമിച്ചത്. അനുമതിക്ക് ബസ് സ്റ്റാൻഡിനു ചുരുങ്ങിയത് 40 സെന്റ് സ്ഥലം വേണമെന്നതുകൊണ്ടാണ് പ്രവർത്തനം തുടങ്ങാനാകാത്തത്.
കരുവഞ്ചാൽ
മൂന്നര പതിറ്റാണ്ടു മുമ്പ് നിർമിച്ച കരുവഞ്ചാൽ ബസ് സ്റ്റാൻഡും അനാഥാവസ്ഥയിലാണ്. നിലവിൽ ചരക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമായി. സ്ഥലപരിമിതി മൂലമാണ് ഇവിടെ ബസുകൾ കയറാത്തത്.
ആലക്കോട്
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആലക്കോട് ബസ് സ്റ്റാൻഡ് ടൗണിൽനിന്ന് അകലെയാണ്. സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ടൗണിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പോകണമെങ്കിൽ കാൽനടയായി സഞ്ചരിക്കണം. അതിനാൽ ബസ് സ്റ്റാൻഡിൽ ആരും ഇറങ്ങാറില്ല. ബസ് കയറാനും ആളുകൾ എത്തുന്നില്ല. ഇതേത്തുടർന്നാണ് ബസുകൾ സ്റ്റാൻഡിൽ കയറാത്തത്. ബസുകൾ സ്റ്റാൻഡിൽ കയറാനുള്ള ട്രാഫിക് പരിഷ്കാരങ്ങൾ പഞ്ചായത്ത് കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.
ആളൊഴിഞ്ഞ സ്റ്റാൻഡുകൾ വേറെയും
മലയോരത്ത് ബസുകൾ കയറാത്ത ആളൊഴിഞ്ഞ സ്റ്റാൻഡുകൾ വേറെയുമുണ്ട്. മികച്ച നിലവാരത്തിലൊരുക്കിയ പെരുമ്പടവ് സ്റ്റാൻഡിലും ബസുകൾ കയറുന്നില്ല. ചെറുപുഴ ഭാഗത്തുനിന്ന് പെരുമ്പടവ് വഴി തളിപ്പറമ്പിലേക്ക് സർവിസ് നടത്തുന്ന ബസുകൾ തിരിക്കാൻ മാത്രമാണ് പ്രവേശിക്കുന്നത്. ഇവിടെ ബസ് ഇറങ്ങുന്നവർക്ക് ടൗണിലെത്താൻ ഒരുപാട് ദൂരം നടക്കണമെന്നതും ആളില്ലാ സ്റ്റാൻഡാക്കുന്നു. 25 വർഷം മുമ്പ് നിർമിച്ച തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാൻഡ് ഇപ്പോഴും ഉപയോഗിക്കുന്നില്ല. പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂരിൽ നിർമിച്ച സ്റ്റാൻഡും നോക്കുകുത്തിയാണ്. ബസ് സ്റ്റാൻഡുകൾ നിർമിച്ച് ലക്ഷങ്ങൾ പാഴാക്കിയതിനു പുറമെ വീണ്ടും അറ്റകുറ്റപ്പണിയുടെ പേരുപറഞ്ഞ് പണം മുടക്കി അഴിമതിക്ക് വഴിയൊരുക്കുന്ന അവസ്ഥയാണ് പലയിടത്തും. ബസുകൾ കയറ്റുന്നതിന് അവശ്യമായ നടപടി മാത്രം സ്വീകരിക്കുന്നില്ലെന്നതാണ് സ്ഥിതി. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയരുമ്പോഴും ബന്ധപ്പെട്ടവർ മൗനത്തിലാണ്.