അടിസ്ഥാന സൗകര്യമില്ലാതെ ചെങ്ങളായി
text_fieldsചെങ്ങളായി ടൗൺ
ശ്രീകണ്ഠപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര കേന്ദ്രമായിട്ടും അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പുമുട്ടുകയാണ് ചെങ്ങളായി ടൗൺ. ഒരുകാലത്ത് വളപട്ടണം കഴിഞ്ഞാൽ ചെങ്ങളായിയായിരുന്നു പ്രധാന വ്യാപാര കേന്ദ്രം. ബോട്ട് സർവിസടക്കം നടന്നതിനാൽ കച്ചവടത്തിന് ആളുകൾ എത്തിയ സ്ഥലവും ഇവിടമാണ്.
നിലവിൽ ശൗചാലയം പോലുമില്ലാത്തത് ഇവിടെയെത്തുന്നവർക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ഉണ്ടായിട്ടും ശൗചാലയം ഒരുക്കാൻ അധികൃതർ തയാറായില്ല. ഡ്രൈവർമാർക്കടക്കം ഇത് വലിയ ദുരിതമാണുണ്ടാക്കുന്നത്. ടൗണിൽ കുടിവെള്ള വിതരണവുമില്ല.
വർഷങ്ങൾക്ക് മുമ്പ് പൊതുടാപ്പ് വഴി വെള്ളം വിതരണം ചെയ്തിരുന്നു. അത് നശിച്ചതോടെ പുതിയവ സ്ഥാപിച്ചില്ല. ഓട്ടോറിക്ഷകൾ നിരവധിയുണ്ടെങ്കിലും സംസ്ഥാന പാതയോരത്താണ് നിർത്തിയിടുന്നത്. ഓട്ടോ-ടാക്സി സ്റ്റാൻഡ് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
അഡൂർ കടവ്പാലം
ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമാണം പുരോഗമിക്കുന്ന ചെങ്ങളായി-അഡൂർ കടവ് പാലം പൂർത്തിയായാൽ ടൗണിൽ തിരക്ക് വീണ്ടും വർധിക്കും. 12 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. ചെങ്ങളായി ടൗണിനും പരിപ്പായി പെട്രോൾ പമ്പിനും ഇടയിലുള്ള കടവു ഭാഗത്താണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം നിർമിക്കുന്നത്.
നിലവിൽ ഇവിടെ തൂക്കുപാലമാണ് ഏകആശ്രയം. അഡൂർ ഭാഗത്തുനിന്നുള്ള സമീപന റോഡിന്റെ നിർമാണവും ചെങ്ങളായി ഭാഗത്തുള്ള തൂണുകളുടെ നിർമാണവുമാണ് നടക്കുന്നത്. പാലം വരുന്നത് ചെങ്ങളായി ടൗണിന് സമീപത്ത് തന്നെയായതുകൊണ്ട് ടൗണിന്റെ മുഖച്ഛായ മാറും.