ഇങ്ങനെ മതിയോ നമ്മുടെ കളിക്കളങ്ങൾ?
text_fieldsശ്രീകണ്ഠപുരം നഗരസഭ സ്റ്റേഡിയം കാടുകയറിയ നിലയിൽ
ശ്രീകണ്ഠപുരം: കായിക്കുതിപ്പിന് പിന്തുണയാകാൻ കളിക്കളങ്ങളില്ലാതെ മലയോര മേഖല. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, നടുവിൽ ഉളിക്കൽ, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളിലൊന്നും മികച്ച സ്റ്റേഡിയങ്ങളില്ല. ഒരു കാലത്ത് ദേശീയ താരങ്ങളെപ്പോലും വാർത്തെടുത്ത മലയോരത്ത് കാലം കഴിഞ്ഞിട്ടും നല്ല കളിക്കളമൊരുക്കാത്തത് അധികൃതരുടെ കെടുകാര്യസ്ഥതകൊണ്ടാണ്.
ഇരിക്കൂറിൽ മാത്രമാണ് പേരിനെങ്കിലും ഒരു വലിയ ഗ്രൗണ്ടുള്ളത്. ശ്രീകണ്ഠപുരം നഗരസഭയുടെ കോട്ടൂരിലെ സ്റ്റേഡിയം കാടുകയറിയ നിലയിലാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. നഗരസഭ സ്റ്റേഡിയത്തിന് കെ.ജി. ഭാസ്കരൻ സ്മാരക സ്റ്റേഡിയം എന്ന പേര് നൽകി ആധുനികവത്കരിക്കാൻ 50 ലക്ഷം രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. മഴ പെയ്താൽ വെള്ളം കയറുമെന്നതാണ് സ്റ്റേഡിയം വികസനത്തിന് തടസ്സം. വെള്ളം ഇറങ്ങിയാലും അഞ്ചു മാസത്തോളം ഗ്രൗണ്ടിൽ ചളിയുണ്ടാകുന്നത് കൊണ്ട് കുട്ടികൾക്ക് കളിക്കാൻ സാധിക്കാറില്ല. വെള്ളം കയറുന്ന ഗ്രൗണ്ട് വികസിപ്പിക്കുന്നതിനെക്കാൾ നല്ലത് പുതിയ സ്ഥലം കണ്ടെത്തി സ്റ്റേഡിയം നിർമിക്കുന്നതാണെന്ന് കായിക പ്രേമികൾ പറയുന്നു. ചെങ്ങളായിൽ വർഷങ്ങളോളം ഫുട്ബാൾ ടൂർണമെന്റുൾപ്പെടെ നടന്ന പഞ്ചായത്ത് സ്റ്റേഡിയം ഇപ്പോൾ അവഗണനയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്.