സത്യം പുറത്തുവന്നു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
text_fieldsശ്രീകണ്ഠപുരം: ഒരുവേള പൊലീസു പോലും സാധാരണ മരണമെന്നു കണ്ട് ഉപേക്ഷിക്കുമായിരുന്ന സംഭവം പോസ്റ്റ്മോർട്ടത്തിന്റെ വഴിയിൽ കൊലപാതകമെന്ന് തെളിഞ്ഞു.
നടുവില്‍ പടിഞ്ഞാറേ കവലയിലെ വി.വി. പ്രജുലിന്റെ(30) മുങ്ങി മരണമാണ് ആഴ്ചകൾക്കു ശേഷം കൊലപാതകമായത്. സപ്റ്റംബർ 25ന് നടന്ന സംഭവത്തിൽ 18 ദിവസത്തിനു ശേഷം കൊല്ലപ്പെട്ടയാളുടെ ഉറ്റ സുഹൃത്തുക്കളായ നടുവില്‍ പോത്തുകുണ്ട് റോഡിലെ വയലിനകത്ത് മിഥ്‌ലാജ് (26), കിഴക്കേ കവലയിലെ ഷാഹിർ എന്ന ഷാക്കിർ(35) എന്നിവർ പിടിയിലായി.
ലഹരി കൂട്ടുകെട്ടിൽ പരിധി വിട്ടപ്പോൾ സുഹൃത്തിനെ മറന്നുപോയി. നിസ്സാര തർക്കം, കൈയാങ്കളിയിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. ഒടുവിൽ പ്രജുലിനെ കുളത്തിലേക്കെറിഞ്ഞ് മിഥ്‌ലാജും ഷാഹിറും സ്ഥലംവിട്ടു.
പിന്നീട് ഷാക്കിറിന്റെ വീട്ടില്‍ ചെന്ന് ഇരുവരും കുളിച്ചു. അപ്പോഴേക്കും പ്രജുലിനെ കാണാനില്ലെന്ന വിവരം വരുകയും നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു. കുളത്തിന് സമീപവും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ചളിയില്‍ പൂണ്ട് പോയതിനാല്‍ ആദ്യം കണ്ടിരുന്നില്ല. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങിലടക്കം മിഥ്‌ലാജും ഷാക്കിറും സജീവമായി പങ്കെടുക്കുകയും ചെയ്തു. അപ്പോഴും ഇവരെ സംശയിച്ചില്ല. പിന്നീട് പ്രജുലിന്റെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടിയാൻമല പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷത്തിലും പിടിയിലാവില്ലെന്ന് കരുതിയ പ്രതികൾ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വന്നതോടെ കുടുക്കിലാവുകയായിരുന്നു. മുങ്ങി നടന്നെങ്കിലും ഒടുവിൽ കൊലക്കേസിൽ മിഥ്‌ലാജും ഷാക്കിറും അറസ്റ്റിലാവുകയായിരുന്നു. പൊലീസിനെ ആക്രമിക്കൽ, കഞ്ചാവ്, അടിപിടി, വധശ്രമക്കേസ് ഉള്‍പ്പെടെ 11 ഓളം കേസുകളില്‍ പ്രതിയാണ് ഷാക്കിര്‍.


