പയ്യാവൂർ വലത്തോട്ട് തിരിഞ്ഞ ചരിത്രം
text_fieldsജോർജ് ജോസഫ്, ജെയിംസ് മൈക്കിൾ
ശ്രീകണ്ഠപുരം: പയ്യാവൂർ ഡിവിഷന്റെ പഴയ ചരിത്രം ഇടതിന്റെ വഴിയേ നീങ്ങിയതാണെങ്കിൽ പുതിയ ചരിത്രം വലതിന്റേത്. കഴിഞ്ഞ മൂന്നു തവണകളായി വൻ ഭൂരിപക്ഷത്തിൽ സ്ഥാനാർഥികളെ വിജയിപ്പിച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് ഇത്തവണയും. വാർഡ് പുനർവിഭജനത്തിന് ശേഷം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി മാറിയിട്ടുണ്ട്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെ ചന്ദനക്കാംപാറ, മണിക്കടവ്, ഉളിക്കൽ, നുച്ചിയാട്, പയ്യാവൂർ ഡിവിഷനുകളും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചരൾ ഡിവിഷനുകളും ചേർത്താണ് പുതിയ പയ്യാവൂർ ഡിവിഷൻ. നിലവിൽ എല്ലാ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫ് പ്രതിനിധികളാണ്. പയ്യാവൂർ ഒഴികെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണമാണ്.
യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ ജോർജ് ജോസഫും എൽ.ഡി.എഫിന് വേണ്ടി ജനതാദളിലെ (എസ്) ജയിംസ് മൈക്കിളും എൻ.ഡി.എക്ക് ബി.ഡി.ജെ.എസിലെ എ. ബിജുമോനുമാണ് മത്സരരംഗത്ത്. ഡി.സി.സി ജന. സെക്രട്ടറിയാണ് ജോർജ് ജോസഫ് എന്ന ബേബി തോലാനി. നിലവിലെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനാണ്. 2020ൽ നുച്ചിയാട് ഡിവിഷനിൽനിന്നാണ് വിജയിച്ചത്.
25 വർഷം ഉളിക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 12 വർഷം കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും 11 വർഷം ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ(എസ്) പ്രതിനിധിയും യുവ കർഷകനുമായ ജയിംസ് മൈക്കിൾ യുവജനതാദൾ ജില്ല പ്രസിഡന്റാണ്.
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് യുവ കർഷക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എ. ബിജുമോൻ ബി.ഡി.ജെ.എസ് പയ്യാവൂർ മണ്ഡലം സെക്രട്ടറിയാണ്. തെരഞ്ഞെടുപ്പിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ഇദ്ദേഹം ഇലക്ട്രീഷനും ബിസിനസുകാരനുമാണ്.


