സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്
text_fieldsശ്രീകണ്ഠപുരം: കായിക പുരോഗതി ലക്ഷ്യവുമായി സ്പോർട്സ് അക്കാദമിക്ക് തുടക്കമിട്ട് ചെങ്ങളായി പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 ലക്ഷം രൂപ വകയിരുത്തിയാണ് സ്പോർട്സ് അക്കാദമിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടികൾക്കും യുവാക്കൾക്കും വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി ഒരോ ഇനങ്ങളിലും പഞ്ചായത്തിന്റെ ടീമുകളുണ്ടാക്കാനും പുതിയ കായിക താരങ്ങളെ സൃഷ്ടിക്കാനുമാണ് സ്പോർട്സ് അക്കാദമി ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ ഫുട്ബാൾ, നീന്തൽ, വടംവലി എന്നിവക്കുള്ള പരിശീലനവും ടീമുകളെ ഒരുക്കുന്ന പ്രവർത്തനവുമാണ് നടക്കുന്നത്. വിവിധ സ്പോർട്സ് ക്ലബുകളുടെ പ്രതിനിധികളെയും പഞ്ചായത്ത് പരിധിയിലെ കായിക അധ്യാപകരെയും ഉൾപ്പെടുത്തിയാണ് അക്കാദമി രൂപവത്കരിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന സ്പോർട്സ് അക്കാദമി രൂപവത്കരണ യോഗത്തിൽ പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷതവഹിച്ചു. എം.എം. പ്രജോഷ്, കെ. ബാബുരാജ്, കെ.കെ. രവി എന്നിവർ സംസാരിച്ചു.
വി.പി. മോഹനൻ ചെയർമാനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. പ്രജോഷ് വൈസ് ചെയർമാനും വിദ്യാഭ്യാസം -യുവജനക്ഷേമം നിർവഹണ ഓഫിസർ നാരായണൻ കൺവീനറും ടി. രാജൻ ജോയന്റ് കൺവീനറുമായി 18 അംഗ കമ്മിറ്റിയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
ഈ വർഷം ഫുട്ബാൾ, നീന്തൽ, വടംവലി പരിശീലനങ്ങൾ
അക്കാദമിയുടെ നേതൃത്വത്തിൽ ഈ വർഷം ഫുട്ബാൾ, നീന്തൽ, കമ്പവലി മത്സരങ്ങൾക്കുള്ള പരിശീലനമാണ് നടത്തുക. ഇതിന്റെ ഭാഗമായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ഫുട്ബാൾ പരിശീലന സെലക്ഷൻ ക്യാമ്പ് ചുഴലി ഗവ. ഹയർസെക്കൻഡറി സ്കൂൾ, കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങളായി പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളായി നടത്തി. ചുഴലി, കൊയ്യം എന്നിവിടങ്ങളിലെ ക്യാമ്പിൽ 70 വീതം കുട്ടികളും ചെങ്ങളായിയിൽ 75 വീതം കുട്ടികളും പങ്കെടുത്തു. ഇവർക്ക് മൂന്നുകേന്ദ്രങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമായി പരിശീലനം.
ഇതിൽ മികച്ചവരെ കണ്ടെത്തി ഫുട്ബാൾ ടീമുണ്ടാക്കും. ഫുട്ബോൾ പരിശീലനത്തിന് ടി. രാജൻ, കെ. സുരേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. നീന്തൽ, വടംവലി പരിശീലനം ഉടൻ ആരംഭിക്കും. വളക്കൈ, ചുഴലി എന്നിവിടങ്ങളിലാണ് നീന്തൽ പരിശീലിപ്പിക്കുക. ഇതിനുള്ള പരിശീലകരെയും നിയമിച്ചു.