താൽക്കാലിക റോഡുകൾ ഒലിച്ചുപ്പോയി; ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ഗതാഗതം എന്നു സാധ്യമാകും
text_fieldsചെമ്പന്തൊട്ടിയിലെ പാലത്തിന് സമീപത്തുള്ള താത്കാലിക റോഡ് ഒലിച്ചുപ്പോയ നിലയിൽ
ശ്രീകണ്ഠപുരം: നിർമാണം നടക്കുന്ന കൊക്കായി, ചെമ്പന്തൊട്ടി, പാലങ്ങളോട് ചേർന്ന് നിർമിച്ച താത്കാലിക റോഡുകൾ ഒലിച്ചുപോയതിനാൽ ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ഗതാഗതം എന്ന് സാധ്യമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമാണ് റോഡുകൾ ഒലിച്ചുപോയത്.
ചെമ്പന്തൊട്ടിയിലും കൊക്കായിലും റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം പണികൾ നടന്നുവരുകയാണ്. ഇതിന് സമീപത്തായി നിർമിച്ച താൽക്കാലിക റോഡിലൂടെയായിരുന്നു വാഹനങ്ങൾ പോയിരുന്നത്. പൈപ്പുകൾ വെച്ച് അതിന് മുകളിൽ ചാക്കിൽ മണൽ നിറച്ചാണ് താത്കാലിക റോഡുകളുണ്ടാക്കിയത്.
വെള്ളം ശക്തമായി കുത്തിയൊഴിച്ചപ്പോൾ എല്ലാം ഒഴുകിപ്പോയി. രണ്ട് ദിവസമായി ശ്രീകണ്ഠപുരം-നടുവിൽ റൂട്ടിലെ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ചെമ്പന്തൊട്ടിയിൽ ആളുകൾക്ക് നടന്നുപോകാനെങ്കിലും കഴിയുന്ന തരത്തിൽ പാലത്തിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗത്തിന് സമാന്തരമായി റോഡുയർത്തുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
കാലവർഷം നേരത്തെ എത്തിയതോടെ ശ്രീകണ്ഠപുരം-നടുവിൽ റോഡ് നിർമാണം വെള്ളത്തിലായ സ്ഥിതിയിലാണ്. മെറ്റൽ വിരിക്കാത്ത ഭാഗങ്ങളെല്ലാം ആദ്യ മഴയിൽ തന്നെ ചെളിക്കുളമായി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ തെന്നി വീഴുന്ന അവസ്ഥയുണ്ടായി.
നിടിയേങ്ങ, ചെമ്പന്തൊട്ടി ടൗൺ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളിൽ ആദ്യഘട്ട ടാറിങ് നടത്തി. പള്ളിത്തട്ട് മുതൽ നടുവിൽ വരെയുള്ള ഭാഗത്തെ വൈദ്യുതി തൂണുകൾ മാറ്റി ടാറിങ് നടത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
ഈ സ്ഥലങ്ങളിലെല്ലാം ടാറിടാനായി മണ്ണെടുത്തതിനാൽ ചെളി നിറഞ്ഞിരിക്കുകയാണ്. മഴ ശക്തമാകുന്നതിന് മുന്നേ ഇവിടെ മെറ്റലെങ്കിലും വിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
47.72 കോടി ചെലവിലാണ് റോഡ് നിർമാണം നടക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ ഈ റോഡിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, പണി നടന്നില്ല. പിന്നീട് രണ്ടു തവണ എസ്റ്റിമേറ്റിൽ മാറ്റംവരുത്തി. ഏറ്റവും ഒടുവിൽ കിഫ്ബി വഴി 31.91 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതിയായതാണ്. സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. കിഫ്ബി രൂപരേഖ റിവ്യൂ ചെയ്തതിനെ തുടർന്ന് എസ്റ്റിമേറ്റ് വീണ്ടും പുതുക്കി 47. 72 കോടി രൂപയാക്കി.
കെട്ടിടങ്ങളും അപകടാവസ്ഥയിൽ
കൊട്ടൂർവയൽ കയറ്റം കുറക്കാൻ റോഡ് ഇടിച്ചു നിരത്തിയതുമൂലം വീട്ടുകൾ ഉൾപ്പെടെ 10 കെട്ടിടങ്ങളുടെ നിലനിൽപ് ഭീഷണിയിലാണ്. എസ്റ്റിമേറ്റ് പ്രകാരം 12 മീറ്റർ വീതിയും ഒമ്പത് മീറ്റർ ടാറിങ്ങുമാണ് വേണ്ടത്. എല്ലാ സ്ഥലത്തും റോഡിനുസമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി ഇടിച്ചു നിരത്തണമെന്ന ജനകീയ സമിതിയുടെ തീരുമാനപ്രകാരമാണ് പണി നടത്തുന്നത്.
ഇടിച്ച് നിരത്തിയപ്പോൾ റോഡിന്റെ വീതി പല സ്ഥലങ്ങളിലും 12 മുതൽ 29 മീറ്റർ വരെയായി. കൊട്ടൂർ വയലിൽ കയറ്റം കുറക്കുന്നതിന്റെ ഭാഗമായാണ് എസ്റ്റിമേറ്റിൽ പറഞ്ഞ 12 മീറ്ററിനെക്കാൾ കൂടുതൽ പുറമ്പോക്ക് ഭൂമി ഇടിച്ചു നിരത്തിയത്.