ആക്രമണം തടയാനെത്തിയ പൊലീസിനെ കൈയേറ്റം ചെയ്തു
text_fieldsരാഗേഷ്, ബിന്റില്‍ മോഹന്‍
ശ്രീകണ്ഠപുരം: അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത് തടയാനെത്തിയ പൊലീസിനു നേരെയും അക്രമം. രണ്ടു പേർ അറസ്റ്റിൽ.
അരങ്ങത്തെ ആശാരിവളപ്പില്‍ എ.വി. രാഗേഷ് (34), നരിയന്‍പാറയിലെ കുരുവിക്കാട്ട് ബിന്റില്‍ മോഹന്‍ (35) എന്നിവരെയാണ് ആലക്കോട് എസ്.എച്ച്.ഒ ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നിർദേശപ്രകാരം എസ്.ഐ എന്‍.ജെ. ജോസ് അറസ്റ്റ് ചെയ്തത്. ആലക്കോട് -അരങ്ങം റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയാണ് അക്രമം നടന്നത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലം കേന്ദ്രീകരിച്ച് വന്‍തോതില്‍ പാന്‍മസാല വില്പന നടക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇവിടെ പൊലീസ് പലതവണ പരിശോധന നടത്തി പാന്‍മസാലകള്‍ പിടികൂടുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സ്കൂള്‍ വിദ്യാർഥികള്‍ക്ക് പാന്‍മസാലകള്‍ വില്‍ക്കുന്നതായി ആരോപിച്ച് വ്യാപാരികളായ രാഗേഷും ബിന്റിലും ചേര്‍ന്ന് ഇതര സംസ്ഥാനക്കാരുടെ താമസസ്ഥലത്ത് കയറി ആക്രമണം നടത്തിയത്.
മദ്യലഹരിയിലായിരുന്നു ആക്രമണം. കെട്ടിടത്തിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും ഇവിടെയുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എസ്.ഐ കെ.ജെ. മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണന്, വിനില്‍ എന്നിവര്‍ സ്ഥലത്തെത്തി.
ഈ സമയം രാഗേഷും ബിന്റിലും പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ എസ്.ഐ മാത്യുവും സീനിയര്‍ സി.പി.ഒ വിനിലും ആശുപത്രിയില്‍ ചികിത്സ തേടി.