വേലിയുണ്ടായിട്ടും പയ്യാവൂരിൽ കാട്ടാനകളെത്തുന്നു
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തിയിൽ വേലി നിർമിച്ചിട്ടും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായില്ല. കഴിഞ്ഞയാഴ്ച കാഞ്ഞിരക്കൊല്ലി ഏലപ്പാറ ജനവാസ മേഖലയിൽ എട്ട് കാട്ടാനകളാണ് ഇറങ്ങിയത്. വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ഇവയെ സൗരോർജ തൂക്കുവേലിക്കപ്പുറത്തെ കർണാടക വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ മാസം ചന്ദനക്കാംപാറ ആടാംപാറത്തട്ടിലും നാല് കാട്ടാനകളിറങ്ങി. ഇവയേയും വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് കാടുകയറ്റിയത്.
14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്റെ വനാർത്തി. ഇതിൽ 11 കിലോമീറ്റർ ഭാഗത്ത് സൗരോർജ തൂക്കുവേലിയുണ്ട്. മൂന്ന് കിലോമീറ്റർ ഭാഗത്ത് നേരത്തെ വനംവകുപ്പ് പണിത ആന വേലിയുമുണ്ട്.
ശാന്തിനഗർ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ഭാഗത്താണ് 80 ലക്ഷം രൂപ ചെലവിൽ തൂക്കുവേലികളൊരുക്കിയത്. വനാതിർത്തിയിൽ സരോർജ തൂക്കുവേലിയും ആനവേലിയുമുണ്ടായിട്ടും കാട്ടാനശല്യമൊഴിയാത്തതിന്റെ ആശങ്കയിലാണ് മലയോര കർഷകർ. തൂക്കുവേലിയുടെ ഉദ്ഘാടന ദിവസവും പതിനഞ്ചോളം കാട്ടാനകൾ ആടാംപാറ ഭാഗത്ത് തമ്പടിച്ചതായി പ്രദേശവാസികൾ പറയുന്നു.
പാടാംകവല, മുക്കുഴി, ഏലപ്പാറ, മതിലേരിത്തട്ട് വരെയുള്ള വനാതിർത്തികളിലുള്ള കാട്ടാനകളെ തൂക്കുവേലിക്കപ്പുറം കർണാടക വനത്തിലേക്ക് തിരിച്ചയക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്തിന്റെ നിർദേശത്തിൽ വനംവകുപ്പ് മൂന്നു തവണ പ്രത്യേക ഡ്രൈവ് നടത്തി കാട്ടാനകളെ വേലിക്കപ്പുറത്തേക്ക് ഓടിച്ചിരുന്നു.
സൗരോർജ തൂക്കുവേലികളുണ്ടെങ്കിലും അതിനാവശ്യമായ സംരക്ഷണം നൽകാത്തതിനാൽ പലയിടങ്ങളിലും പ്രവർത്തനരഹിതമാണെന്ന് നാട്ടുകാർ പറയുന്നു. സാമൂഹിക വിരുദ്ധർ ചിലസ്ഥലങ്ങളിൽ വേലി നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയങ്ങളിൽ കാട്ടാനകൾ വേലിക്കിപ്പുറം കടന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.