മൂന്നു മാസമായി തുറക്കാതെ ശ്രീകണ്ഠപുരം നഗരസഭ ശ്മശാനം
text_fieldsശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ് ശാന്തിതീരം ശ്മശാനം അടച്ചിട്ട് മൂന്നു മാസം പിന്നിടുന്നു. ഒരു വർഷത്തോളം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്ത ശ്മശാനമാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെതുടർന്ന് വീണ്ടും അടച്ചിട്ടത്. ഇതോടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ മറ്റു പഞ്ചായത്തുകളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നഗരസഭയിലുള്ളവർ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അറ്റകുറ്റപ്പണി നടത്തി മൂന്നു മാസം മുമ്പാണ് തുറന്നുകൊടുത്തത്. എന്നാൽ, പുകക്കുഴലിന് ഉയരം കുറവാണെന്നു കാണിച്ച് നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകി. 30 മീറ്റർ ഉയരം വേണമെന്ന് പറഞ്ഞ് ബോർഡ് ശ്മശാനം അടച്ചിടാൻ നിർദേശിച്ചു. നിലവിൽ കാടുകയറിയ നിലയിലാണ് ശ്മശാനത്തിലെ കെട്ടിടങ്ങൾ. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ശ്മശാനം തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ വാതക ശ്മശാനം നിർമിക്കുമെന്ന് പറഞ്ഞെങ്കിലും യാഥാർഥ്യമായില്ല.
നഗരസഭയുടെ പിടിപ്പുകേടാണ് ശ്മശാനം അടച്ചിടാൻ കാരണമെന്ന് സി.പി.എം ആരോപിച്ചു. 30 മീറ്റർ താഴെയുള്ള പുകക്കുഴൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി ശ്മശാനങ്ങളുണ്ടെന്നും സി.പി.എമ്മിന്റെ രാഷ്ട്രീയക്കളി മൂലമാണ് അടച്ചിടേണ്ടി വന്നതെന്നും നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. 2.75 കോടി രൂപ ചെലവിൽ വാതക ശ്മശാനം നിർമിക്കാനുള്ള ഡി.പി.ആർ പൂർത്തിയായതായും ചെയർപേഴ്സൻ അറിയിച്ചു.
സമീപ പഞ്ചായത്തുകളിലെല്ലാം വാതക ശ്മശാനങ്ങൾ
ശ്രീകണ്ഠപുരം നഗരസഭയുടെ സമീപ പഞ്ചായത്തുകളിലെല്ലാം വാതക ശ്മശാനങ്ങൾ തുടങ്ങിയിട്ടുണ്ട്. പയ്യാവൂർ പഞ്ചായത്തിലെ പയറ്റടിപ്പറമ്പിലാണ് ആദ്യം വാതകശ്മശാനം ഉദ്ഘാടനം ചെയ്തത്. ഈ വർഷം ഏരുവേശ്ശി പഞ്ചായത്തിലെ പൂപ്പറമ്പിലും വാതക ശ്മശാനങ്ങൾ തുറന്നു.
ചെങ്ങളായി പഞ്ചായത്തിലെ നെല്ലിക്കുന്നിൽ വാതക ശ്മശാനം നിർമിച്ചെങ്കിലും തുറക്കാൻ നടപടിയായില്ല. ഇവിടെ 50 ലക്ഷം ചെലവിൽ കെട്ടിടം ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി. വാതക ശ്മശാനം പ്രവർത്തിപ്പിക്കാനാവശ്യമായ ത്രീ ഫേസ് ലൈനിന്റെ പ്രവൃത്തികളാണ് ബാക്കിയുള്ളത്. വയറിങ് നടത്താനും ജനറേറ്റർ സ്ഥാപിക്കാനും പഞ്ചായത്ത് പദ്ധതിവെച്ചിട്ടുണ്ടെങ്കിലും തുടർനടപടികളായിട്ടില്ല.