സ്വന്തമായൊരു മുറി.... വാടകക്കെട്ടിടത്തിൽനിന്ന് മോചനമില്ലാതെ ശ്രീകണ്ഠപുരം സബ് ട്രഷറി
text_fieldsശ്രീകണ്ഠപുരം: സ്വന്തമായി കെട്ടിടമൊരുക്കാത്തതിനാൽ അസൗകര്യങ്ങളുടെ ഇടുങ്ങിയ വാടക മുറിയിൽ ഇപ്പോഴും സബ് ട്രഷറി. വർഷങ്ങളായി ബസ് സ്റ്റാൻഡിനു സമീപം സാമാ ബസാറിലെ കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ശ്രീകണ്ഠപുരം സബ്ട്രഷറി പ്രവർത്തിക്കുന്നത്. ദിനംപ്രതി വയോധികരടക്കം നിരവധി പേരെത്തുന്ന ട്രഷറിക്ക് ഇനിയും സ്വന്തം കെട്ടുമൊരുക്കാത്തത് വലിയ ദുരിതമാണുണ്ടാക്കുന്നത്.
ഇടുങ്ങിയ എണിപ്പടി വഴി കയറിയാണ് വയോജനങ്ങളടക്കം ട്രഷറിയിലെത്തേണ്ടത്. ലിഫ്റ്റ് സ്ഥാപിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് അതിന്റെ പണി തുടങ്ങിയെങ്കിലും പാതിവഴിക്ക് നിലച്ചു. ട്രഷറിക്കുള്ളിൽ ജീവനക്കാർക്കുപോലും നിന്നു തിരിയാൻ ഇടമില്ല. വന്നെത്തുന്നവരുടെ സ്ഥിതിയും ദയനീയം. ലക്ഷങ്ങൾ വാടകയിനത്തിൽ നൽകുമ്പോഴും മികച്ച സൗകര്യങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. നല്ല വിശാലമായ ഇരിപ്പിടം പോലും ഇല്ല. ഇവിടുത്തെ ദുരിതങ്ങൾക്ക് എന്നാണ് അറുതിയാവുകയെന്നാണ് പെൻഷൻകാരും അവരുടെ സംഘടനകളും ചോദിക്കുന്നത്.
ട്രഷറിക്ക് കോട്ടൂരിൽ പുതിയ കെട്ടിടം നിർമിക്കാൻ ആറ് വർഷം മുമ്പ് നീക്കം തുടങ്ങിയെങ്കിലും വിവാദ കോലാഹലങ്ങളാൽ അത് എങ്ങുമെത്തിയില്ല. കോട്ടൂരിലെ പാറങ്കുളങ്ങര ജിമ്മി ജേക്കബ്, കാഞ്ഞിക്കൽ ബിജി തോമസ് എന്നിവരാണ് ട്രഷറിക്കായി എട്ടേമുക്കാൽ സെന്റ് സ്ഥലം അന്ന് സൗജന്യമായി നൽകിയത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് കോട്ടൂർ എസ്.ഇ.എസ്. കോളജ് സ്റ്റോപ്പിന് സമീപത്ത് പുഴയോട് ചേർന്ന് നൽകിയ സ്ഥലം കേരള ഗവർണറുടെ പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. തുടർന്ന് ഒരു കോടി രൂപ ചെലവിൽ ട്രഷറി കെട്ടിടം നിർമിക്കുവാനും തീരുമാനിച്ചു. ഏഴ് കൗണ്ടറുകൾ, പെൻഷനേഴ്സിനുള്ള വിശ്രമ മുറി, ഭിന്നശേഷിക്കാർക്കുളള പ്രത്യേക ടോയ് ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുവാനായിരുന്നു ധാരണ.
എറണാകുളത്തുള്ള ഇൻകൽ കമ്പനിക്ക് നിർമാണചുമതല നൽകിയതായും അധികൃതർ വ്യക്തമാക്കി. അതിനിടെയാണ് എതിർപ്പും രൂക്ഷമായത്. മഴക്കാലത്ത് വെള്ളം കയറി മുങ്ങുന്ന പുഴയോരത്താണ് ട്രഷറിക്ക് അനുവദിച്ച സ്ഥലം എന്നതാണ് വലിയ എതിർപ്പിന് ഇടയാക്കിയത്. കെട്ടിടമൊരുക്കിയാൽ പ്രളയകാലത്ത് കെട്ടിടം വെള്ളത്തിനടിയിലാവും. കൂടാതെ ശ്രീകണ്ഠപുരം നഗരത്തിൽ നിന്ന് ഏറെ ദൂരെയായതിനാൽ വയോജനങ്ങളടക്കം അവിടെയെത്താൻ മറ്റ് വണ്ടികളെ ആശ്രയിക്കേണ്ടിയും വരും. ഇത്തരം സാഹചര്യത്തിൽ മറ്റൊരിടത്ത് സ്ഥലം കണ്ടെത്തി വേണം ട്രഷറിക്ക് കെട്ടിടമൊരുക്കാൻ എന്ന വാദവും ഉയർന്നു. പിന്നാലെ നിർമാണം കടലാസിലൊതുങ്ങി. നിലവിൽ ഈ സ്ഥലം കാടുകയറി മൂടിയിരിക്കയാണ്. ടൗണിൽ തന്നെ മറ്റൊരു സ്ഥലം കണ്ടെത്തി ആധുനീക സൗകര്യങ്ങളോടുകുടിയ ട്രഷറി കെട്ടിടം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.