മത്സരിക്കാത്ത പാര്‍ട്ടികളെ പൂട്ടാൻ നടപടി തുടങ്ങി
text_fieldsകണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ രജിസ്റ്റര്‍ ചെയ്തശേഷം മത്സരിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അത്തരം രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് കാരണം കാണിക്കൽ നോട്ടീസ് നല്കി.
കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള വികാസ് പാര്‍ട്ടിക്കെതിരെയും നോട്ടീസ് നല്‍കിയിട്ടുണ്ട്. ജോസ് ചെമ്പേരിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയപാര്‍ട്ടിയാണ് കേരള വികാസ് പാര്‍ട്ടി. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്തശേഷം 2019 മുതല്‍ കഴിഞ്ഞ ആറുവര്‍ഷമായി സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലോ ഉപതെരഞ്ഞെടുപ്പിലോ ഒരു സ്ഥാനാർഥിയെപോലും നിര്‍ത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസയച്ചത്.
22ന് മുമ്പ് തെരഞ്ഞെടുപ്പ് കമീഷന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും 27ന് ചീഫ് ഇലക്ടറല്‍ ഓഫിസറുടെ ഓഫിസില്‍ രാവിലെ 11ന് നടക്കുന്ന ഹിയറിങ്ങില്‍ സംഘടനയുടെ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ഹാജരാകണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ പാർട്ടിയടക്കം രൂപവത്കരിച്ചവർ പിന്നീട് വിവിധ പാർട്ടികളിലേക്ക് ചേക്കേറിയതായാണ് കാണുന്നത്.