സുബൈദയുടെ പ്രവാസം മണക്കുന്ന കഥകൾ
text_fieldsസുബൈദ
ഇരിട്ടി: പ്രവാസത്തിന്റെ കാൽ നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ ഇന്ന് കൈരളിക്ക് അഞ്ചു മനോഹര സാഹിത്യകൃതികൾ സമ്മാനിച്ചതിന്റെ സന്തോഷത്തിലാണ്. കോവിഡിന്റെ ഭീകര മുഖം ലോകമാകെ പിടിച്ചുലച്ചപ്പോൾ സർഗാത്മക വാസനകളെ തേച്ചുമിനുക്കി അക്ഷരങ്ങളാക്കി അവർ നാടിന് സമർപ്പിച്ചു. 25 വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന സുബൈദയെ മഹാമാരിക്കാലം ഏറെ സ്വാധീനിച്ചു.
ലോകമാകെ അടച്ചുപൂട്ടലിന്റെ ആലസ്യത്തിൽ കഴിയുമ്പോൾ ‘വാക്കിന്റെ വെളിപാട്’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചാണ് സാഹിത്യ അരങ്ങേറ്റം. 2021ൽ സാഹിത്യ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയത്. പിന്നാലെ നാട്ടിലെ നന്മകളുടെ കഥ പറയുന്ന ‘പാറാടൻ’ കഥാസമാഹാരം പ്രസിദ്ധീകരിച്ചു.
മാതൃവിദ്യാലയമായ ഉളിയിൽ ഗവ. യു.പി സ്കൂളിന്റെ തിരുമുറ്റത്തുനിന്നാണ് ‘പാറാടൻ’ പറന്നുയർന്നത്. അടുത്ത വർഷം തന്നെ കോഴിക്കോട്ടെ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘ചോരച്ചീന്ത്’ എന്ന കവിതാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ‘കുരുടി പ്രാവ്’ ബാലസാഹിത്യ കൃതിയും ‘കള്ളന്റെ മകൾ’ നോവലും ഉളിയിൽ വെളിച്ചം വായനശാലയിൽ സംഘടിപ്പിച്ച സദസ്സിൽ സണ്ണി ജോസഫ് എം.എൽ.എയാണ് പ്രകാശനം ചെയ്തത്.
പെൺപ്രവാസം പ്രമേയമാക്കുന്ന നോവൽ അവർ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ പ്രവാസ ജീവിതത്തിന്റെ പ്രതിഫലനം തന്നെയാണ് വായനക്കാർക്ക് സമ്മാനിക്കുന്നത്. പ്രവാസത്തിന്റെ കുതിപ്പും കിതപ്പും ഹൃദയത്തിലേറ്റിയ സുബൈദ തനിക്കു ചുറ്റുമുള്ള ജീവിതത്തിന് നോവൽ ഭാഷ്യം നൽകുമ്പോൾ അത് ഏറെ ജീവിതഗന്ധിയായി മാറുന്നു.
മരുഭൂമിയിൽ നട്ടുവളർത്തിയ സഹനങ്ങൾ, ചെറിയ വലിയ മണൽ കൊട്ടാരങ്ങൾ, മുടിനാരിഴ കീറി നേരിയ പാലം കെട്ടിയിട്ട് ഉപജീവനം തേടി പോയവർ, എല്ലാവർക്കുമുണ്ട് സ്വപ്നങ്ങൾ... പ്രവാസികളുടെ അനുഭവങ്ങൾ അക്ഷരങ്ങളാക്കി സുബൈദയുടെ കഥ തുടരുകയാണ്.