ഇതെന്ത് ക്രൂരത? കണ്ണൂരിൽ കണ്ണീരായി ഹരിത്ത്
text_fieldsകണ്ണൂർ: തെരുവുനായുടെ ഇരയായി ഒരു പിഞ്ചുകുഞ്ഞുകൂടി. തെരുവുനായ് കടിച്ചുകീറിയ ഹരിത്തിന് വാക്സിൻ നൽകിയിട്ടും ജീവൻ തിരികെ കിട്ടാത്തത് ആളുകളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഓടിയെത്തിയ നായ് കുഞ്ഞിനെ കടിച്ചുകീറിയത്. ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പേവിഷ പ്രതിരോധ വാക്സിൻ ഉൾപ്പെടെ നൽകി ദിവസങ്ങളോളം ചികിത്സ നൽകിയെങ്കിലും ഹരിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് ഹരിത്ത് വിടവാങ്ങിയത്. കഴിഞ്ഞയാഴ്ച നഗരത്തിൽ 76 പേർക്കാണ് കടിയേറ്റത്. നേരത്തെ എടക്കാട് ഭിന്നശേഷിക്കാരനെ തെരുവുനായ് കടിച്ചുകൊന്ന സംഭവവും വലിയ ഞെട്ടലാണുണ്ടാക്കിയത്.
തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത കോർപറേഷനെതിരെ പയ്യാമ്പലത്തെ ആളുകളുടെ ജനരോഷം കനക്കുകയാണ്. പയ്യാമ്പലത്തെ പ്രസാദ് എന്ന വീട്ടിലെ ഔട്ട് ഹൗസിലാണ് ഹരിത്ത് രക്ഷിതാക്കളോടൊപ്പം താമസിച്ചിരുന്നത്. പിതാവ് സേലം സ്വദേശിയായ മണികണ്ഠൻ വീട്ടുടമസ്ഥനോടൊപ്പം കേബിൾ സംബന്ധമായ ജോലി ചെയ്യുകയാണ്. മേയ് 31ന് പയ്യാമ്പലത്തെ വീടിന് മുന്നിൽനിന്നാണ് പേപ്പട്ടി ഹരിത്തിനെ ആക്രമിച്ചത്. ആ വീട്ടിലെ വരാന്തയിലുണ്ടായിരുന്ന വളർത്തുപട്ടിയെയും ആക്രമിച്ചിരുന്നു.
മുഖത്തും കാലിനും സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. പിന്നീട് വിശ്രമത്തിലിരിക്കെ പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് 17നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒമ്പത് ദിവസമായി കുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഹരിത്തിന്റെ മൃതദേഹം രക്ഷിതാക്കൾ സേലത്തേക്ക് കൊണ്ടുപോയി.
70ഓളം തെരുവുനായ്ക്കളെ പിടികൂടി
കണ്ണൂർ: തെരുവുനായ് ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ല വികസന സമിതി യോഗം. കണ്ണൂർ കോർപറേഷൻ പരിധിയിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 70ഓളം തെരുവുനായ്ക്കളെ പിടികൂടി പടിയൂർ എ.ബി.സി സെന്ററിലേക്ക് മാറ്റിയതായി യോഗത്തിൽ അറിയിച്ചു. അടുത്ത ഒരാഴ്ചകൂടി കോർപറേഷൻ പരിധിയിൽ പട്ടിപിടിത്തം തുടരും. തെരുവുനായ്ക്കളെ പിടിക്കുന്നവർക്കുള്ള പരിശീലനം പൂർത്തിയായി.
ജില്ലയിലെ പ്രത്യേക സാഹചര്യത്തിൽ കോർപറേഷൻ 20 ഷെൽട്ടർ ഹോമുകളാണ് ഉടൻ നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്. കണ്ണൂർ കന്റോൺമെന്റ് പരിധിയിലും ഷെൽട്ടർ ഹോം നിർമിച്ചതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.


