Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികളുടെ എണ്ണം...

വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചു; ജില്ലയിലെ സ്കൂളുകൾക്കെതിരെ കേസെടുത്തേക്കും

text_fields
bookmark_border
https://www.madhyamam.com/tags/schools
cancel

കണ്ണൂർ: ജില്ലയിലെ വിവിധ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്കൂളുകൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ് സംഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതിക്കായി കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.

എട്ടുമാസത്തോളം നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. മിക്ക സ്കൂളുകളിലും തസ്തിക നിലനിർത്താൻ വേണ്ടിയാണ് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചത്. ഹാജർപട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ അടക്കമുള്ള നിരവധി രേഖകളിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട് എന്നതിന് പുറമേ യൂനിഫോം, പാഠപുസ്തകങ്ങൾ, ഉച്ചഭക്ഷണം എന്നിങ്ങനെ സർക്കാറിന് സാമ്പത്തികനഷ്ടവുമുണ്ടാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, സൗത്ത്, ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് കീഴിൽ മാത്രം 11 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയിട്ടുണ്ട് എന്നാണ് പറയുന്നത്.

ഇതിനുപുറമെ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലെ ചില സ്കൂളുകളിലും കൃത്രിമം നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. യഥാർഥത്തിൽ മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ ഈ സ്കൂളുകളിൽ പഠിക്കുന്നതായി കാണിച്ചാണ് പ്രധാനമായും വ്യാജരേഖകൾ ചമച്ചിട്ടുള്ളത് എന്നാണ് പറയുന്നത്. ചില കുട്ടികളുടെ വിലാസത്തിൽ വിജിലൻസ് അന്വേഷണം നടത്തിയതിൽ അത്തരം വിലാസം കണ്ടുപിടിക്കാനായിട്ടില്ല.

ഇവരെല്ലാം ഈ സ്കൂളുകളിൽ ഹാജരായിട്ടുള്ളതായി കാണിച്ചാണ് ഹാജർ പട്ടികയിൽ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുള്ളത്. നിലവിൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെപോലും ഇപ്രകാരം തങ്ങളുടെ വിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന് വ്യാജ രേഖയുണ്ടാക്കിയ സ്കൂളുമുണ്ട്. കാസർകോട് ജില്ലയിൽ പഠിക്കുന്ന കുട്ടിയെപ്പോലും ഇവിടെ പഠിക്കുന്നതായി കാണിച്ചിട്ടുണ്ട്. തലശ്ശേരി ഭാഗത്തെ ഒരു സ്കൂളിലെ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെ അധികമായി കാണിച്ച് ഹാജർ വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അഞ്ചരക്കണ്ടി ഭാഗത്തെ ഒരു സ്കൂളിൽ തൊട്ടടുത്ത മറ്റൊരു സ്കൂളിലെ കുട്ടികളെ വ്യാജമായി ചേർത്തിട്ടുണ്ട്. ആദ്യഘട്ടത്തിൻ പ്രധാനാധ്യാപകരും ക്ലാസ് അധ്യാപകരും പ്രതികളാകും. ക്രമക്കേടുകൾ പരിശോധിക്കാൻ ബാധ്യസ്ഥമായ ഉയർന്ന ഓഫിസർമാർക്ക് ഇതിൽ പങ്കുണ്ടോ എന്ന് കേസ് രജിസ്റ്റർ ചെയ്തതിനുശേഷം പരിശോധിക്കും. കണ്ണൂർ നഗരത്തിനടുത്തുള്ള സ്കൂളടക്കം ജില്ലയിലെ വിവിധ സ്കൂളുകൾ വിജിലൻസ് നിരീക്ഷണത്തിലാണ്.

സമ്മർദംകൊണ്ടാണ് ഇപ്രകാരം വ്യാജ അഡ്മിഷൻ കാണിക്കുന്നത് എന്ന് പല അധ്യാപകരും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിമിനൽ നടപടികളിൽനിന്ന് ആർക്കും ഒഴിവാകാനാവില്ല. ഡിവൈ.എസ്.പിക്കുപുറമെ ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ബിനുമോഹൻ, എസ്.ഐമാരായ നിജേഷ്, രാധാകൃഷ്ണൻ, പ്രവീൺ, രാജേഷ്, എ.എസ്.ഐമാരായ ജയശ്രീ, രാജേഷ്, സജിത്ത്, രാജേഷ് എഴോം എന്നിവരുടെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം.

Show Full Article
TAGS:Students District Schools Kannur News news 
News Summary - Students, district, schools,
Next Story