ഇരുൾമൂടി ടാഗോർ പാർക്കും മാഹി പുഴയോര നടപ്പാതയും
text_fieldsതിരുവോണ നാളിൽ മാഹി ടാഗോർ പാർക്കിലെ കുട്ടികളുടെ കളിസ്ഥലത്തിന്റെ ദൃശ്യം
മാഹി: മാഹിയിൽ തിരുവോണ നാൾ ആഘോഷിക്കാൻ കുടുംബവുമായെത്തിയ ആയിരങ്ങൾ ഇരുട്ടിൽ തപ്പി. സന്ധ്യ മയങ്ങിയതോടെ കൂരിരുട്ടിലമർന്ന പാർക്കും നടപ്പാതയുമെല്ലാം ദൂരദേശങ്ങളിൽനിന്നുള്ള ജനത്താൽ നിറഞ്ഞിരുന്നു. മദ്യപിച്ച് ഓണാഘോഷത്തിനെത്തിയവരും തെരുവുനായ്ക്കളും കുറവായിരുന്നില്ല.
പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് പാർക്കിൽ നിലവിലുള്ളത്. പാർക്കിന്റെ ഇരുവശങ്ങളിൽനിന്നും അകത്തു കയറാൻപോലും വെളിച്ചമില്ല. സമീപത്തെ വീട്ടിൽനിന്നുള്ള നേരിയ വെളിച്ചം മാത്രമാണ് ആശ്രയം. തെല്ലെങ്കിലും വെട്ടം പകർന്നിരുന്നത് മാാഹി ഭരണ സിരാകേന്ദ്രത്തിന് തൊട്ടുമുന്നിലാണ്. മാഹിയിലെ പ്രധാന റോഡായ റെയിൽവേ സ്റ്റേഷൻ റോഡിലും മാഹി ബസലിക്കക്ക് സമീപവുമുള്ള ലോമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് നാളുകളായി.
മാഹി വൈദ്യുതി വകുപ്പ്, പുതുച്ചേരി ടൂറിസം വകുപ്പ്, നഗരസഭ എന്നിവയുടെ നിയന്ത്രണത്തിലാണ് തെരുവുവിളക്കുകൾ കത്തിക്കുന്നത്. ഇതിന് ഒരു ഏകീകരണമില്ലാത്തതാണ് പലഭാഗത്തും ഇരുൾ മൂടാനിടയാക്കിയത്. മൂന്നാഴ്ചക്കകം സെന്റ് തെരേസ ബസലിക്കയിൽ 18 നാൾ നീണ്ടുനിൽക്കുന്ന മാഹി തിരുനാളിൽ സംബന്ധിക്കാൻ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജനം എത്തുന്നത് പുഴയോര നടപ്പാതയുടെ ഭംഗി ആസ്വദിക്കാൻകൂടിയാണ്.