പെൺകുട്ടിയെ പിഡിപ്പിച്ച യുവാവിന് 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
text_fieldsപ്രമോദ് രാജ്
തളിപ്പറമ്പ്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 50 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. 2022ൽ നടന്ന സംഭവത്തിലാണ് ചെറുപുഴ തിമിരിയിലെ പ്രമോദ് രാജിനെ (25) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയിൽനിന്നും പീഡന വിവരം മനസ്സിലാക്കിയ അധ്യാപകരാണ് രക്ഷിതാക്കളെ വിവരമറിയിക്കുന്നത്. തുടർന്ന് രക്ഷിതാക്കൾ ആലക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ ആലക്കോട് ഇൻസ്പെക്ടറായിരുന്ന എം.പി. വിനീഷാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
തുടർന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി പ്രമോദ് രാജിന് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കയറൽ തുടങ്ങി ഗുരുതരമായ ഏഴു വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.