എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ
text_fieldsമുഹമ്മദ് മുസ്തഫ
തളിപ്പറമ്പ്: എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കണ്ടിവാതുക്കലിലെ കായക്കൂൽ പുതിയ പുരയിൽ കെ.പി. മുഹമ്മദ് മുസ്തഫയാണ് 430 മില്ലിഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി. ഇൻസ്പെക്ടർ (ഗ്രേഡ്) പി.കെ. രാജീവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽ ഇയാൾ പിടിയിലായത്.
ആംബുലൻസിൽ രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്പോൾ അവിടെനിന്ന് എം.ഡി.എം.എ ശേഖരിച്ചു നാട്ടിലെത്തിക്കുകയാണ് പതിവ്. എം.ഡി.എം.എ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കൊടുക്കാതെ ഏതെങ്കിലും ഒരു സ്ഥലത്തുവെച്ച് ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ അറിയിക്കുകയാണ് പതിവ്.
ഇയാളെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്, മനോഹരൻ, എക്സൈസ് പ്രിവന്റിവ് ഓഫിസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിജിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.