കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ മിന്നൽ പണിമുടക്ക്; വലഞ്ഞ് യാത്രക്കാർ
text_fieldsബസ് മിന്നൽ പണിമുടക്കിനെ തുടർന്ന് തളിപ്പറമ്പിൽ വാഹനം കാത്തു നിൽക്കുന്നവർ
തളിപ്പറമ്പ്: കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ദേശീയ പാത കുപ്പത്ത് റോഡ് അടച്ചത് തുറന്ന് കൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിയത്. ചൊവാഴ്ച രാവിലെ മുതൽ നടന്ന പയ്യന്നൂർ കണ്ണൂർ റൂട്ടിലെ മിന്നൽ ബസ് സമരം യാത്രക്കാരെയും വിദ്യാർഥികളേയും വൻ ദുരിതത്തിലാക്കി. മണ്ണിടിച്ചിലിനെത്തുടർന്ന് പ്രവൃത്തികൾക്കായി കുപ്പം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ വൻദുരിതമാണ് ബസ് ജീവനക്കാർ അനുഭവിക്കുന്നതെന്നും അതിനാലാണ് ബസ് സമരം നടത്തുന്നതെന്നുമാണ് സമരം നടത്തുന്ന ജീവനക്കാർ പറയുന്നത്.
എന്നാൽ, മുന്നറിയിപ്പില്ലാതെ നടത്തിയ മിന്നൽ ബസ് സമരം യാത്രക്കാരെയും വിദ്യാർഥികളേയും ഏറെ വലച്ചു. ഇവർ കെ.എസ്.ആർ.ടി.സിയെയും സമരത്തിൽ പങ്കെടുക്കാത്ത ചുരുക്കം ചില ബസുകളേയും ആശ്രയിക്കുകയായിരുന്നു. കുപ്പം റോഡ് അടുത്ത ദിവസം തന്നെ തുറക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു. മെയ് 25 നാണ് മല്ലിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചത്.