തളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രം കത്തിനശിച്ചു
text_fieldsതളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തം അണക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
തളിപ്പറമ്പ്: നഗരത്തില്‍ വെളിച്ചെണ്ണ ഉൽപാദന കേന്ദ്രത്തിൽ വന്‍ തീപിടിത്തം. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുളള മുതുകുട ഓയിൽ മില്ലിനാണ് ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ തീ പിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായി അണക്കാനായത്.
തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ, മട്ടന്നൂർ ഭാഗങ്ങളിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. മുകള്‍ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ബാക്കി ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. തേങ്ങ, കൊപ്ര, പിണ്ണാക്ക്, ടാങ്കിലും കന്നാസിലുമായി സൂക്ഷിച്ച 1500 ലിറ്റർ വെളിച്ചെണ്ണ, ഡ്രൈയർ മിഷൻ, എക്സ് പെല്ലർ, ഫിൽട്ടർ മിഷനുക എന്നിവയെല്ലാം കത്തിനശിച്ചു. രണ്ടു നിലകളിലായുള്ള 10 മുറികളിൽ ഒമ്പത് മുറികളും കത്തിനശിച്ചു.
തീപിടിത്തം കണ്ടയുടൻ മാർക്കറ്റിലെ ഡ്രൈവർമാർ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. വ്യാപാരി നേതാക്കളായ കെ.എസ്. റിയാസ്, വി. താജുദീൻ, ടി. ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരികൾ, നാട്ടുകാർ, വൈറ്റ് ഗാർഡ്, എസ്.ടി.യു ചുമട്ട് തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവർ വിവരമറിഞ്ഞ് സ്ഥലത്തെത്തി വേണ്ട സഹായങ്ങൾ നൽകി. മറ്റു കടകളിലേക്ക് തീ പടരാത്തത് വലിയ ദുരന്തം ഒഴിവായി. തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കലിന് നേതൃത്വം നൽകിയത്. തീപിടിത്ത കാരണം വ്യക്തമായില്ല.